മനാമ- രാജ്യത്ത് അനധികൃതമായി താമസിച്ചുവന്നിരുന്ന വിദേശികളില്‍ 53,000 ഓളം പേര്‍ പദവി ശരിയാക്കിയെന്ന് തൊഴില്‍ മന്ത്രാലയം. 5,155 പേര്‍ സ്വയം ഇഷ്ടപ്രകാരം രാജ്യം വിട്ടുവെന്നും ബഹ്‌റൈന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രി ജമീല്‍ ഹുമൈദാന്‍ റെപ്രസന്റേറ്റീവ് കൗണ്‍സിലില്‍ വ്യക്തമാക്കി.
ബഹ്‌റൈനില്‍ ആകെ ജനസംഖ്യയില്‍ പകുതിയിലേറെ 17 ലക്ഷം വരുന്ന വിദേശികളാണ്. കോവിഡ് പ്രതിസന്ധി കാരണം രാജ്യത്ത് കുടിയേറിപ്പാര്‍ത്തവര്‍ 3.1 ശതമാനം എന്ന തോതില്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം, ഗവണ്‍മെന്റ് ജീവനക്കാരുടെ എണ്ണം 2.4 ശതമാനം വര്‍ധിക്കുകയും ചെയ്തുവെന്നും ഹുമൈദാന്‍ വിശദമാക്കി. ദേശീയ സമ്പദ്‌വ്യവസ്ഥക്കും സുരക്ഷക്കും അംഗീകൃത തൊഴിലാളികള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന അനധികൃത താമസക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
രാജ്യത്തെ തൊഴില്‍ വിപണിയില്‍ വിദേശികളുടെ സാന്നിധ്യം കുറക്കുന്നതിനും അതുവഴി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
കോവിഡ് വ്യാപനഭീതിയില്‍ വിമാനയാത്ര സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് കാരണം സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ സാധിക്കാതെ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പദവി ശരിയാക്കാന്‍ ഗവണ്‍മെന്റ് അവസരം നല്‍കിയതെന്നും ഹുമൈദാന്‍ കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ, ബഹ്‌റൈനും സ്വദേശിവല്‍കരണ നടപടികള്‍ ഊര്‍ജിതമാക്കാനുള്ള യത്‌നത്തിലാണ്.