തിരുവനന്തപുരം- മന്ത്രി തോമസ് ചാണ്ടി സ്വീകരിച്ച അപക്വമെന്ന് വിശേഷിപ്പിക്കപ്പെട്ട നിലപാട് തൽക്കാലം രക്ഷയായത് സി.പി. ഐക്ക്. കായൽ കൈയേറ്റ പ്രശ്‌നത്തിൽ സി.പി.ഐയും ചില വാർത്താ ചാനലുകളും തോൽക്കുന്നത് കാണാനായിരുന്നു സി.പി.എമ്മിലെ ഭൂരിപക്ഷത്തിനും താൽപര്യം. അതൊന്നും അവരാരും പുറത്ത് പറയില്ലെന്നത് രാഷ്ട്രീയ തന്ത്രം മാത്രം.
മുഖ്യമന്ത്രിയുടെയും നിലപാട് ഇതു തന്നെയെന്ന് മനസിലായ സി.പി.ഐ കുറച്ചുനാളായി അടക്കത്തിലും ഒതുക്കത്തിലുമൊക്കെയാണ് കാര്യങ്ങൾ നീക്കിയിരുന്നത്.
കാര്യങ്ങൾ കൈവിട്ട് പോകരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. കടുത്ത സി.പി.എം-പിണറായി വിരുദ്ധ പോരാളിയെന്ന പ്രതിച്ഛായയിൽ നിലനിന്ന കാനം രാജേന്ദ്രൻ തന്നെയായിരുന്നു ഈ അനുരഞ്ജന നീക്കത്തിനും മുന്നിലെന്നതാണ് കൗതുകം. തോമസ് ചാണ്ടിയെപ്പോലൊരു 'കളങ്കിതൻ ' അധ്യക്ഷത വഹിച്ച യോഗത്തിൽ കാനം പങ്കെടുത്തത് പോലും ഈ നിസ്സഹായാവസ്ഥയിലായിരുന്നിരിക്കണം.
അത്തരമൊരു യോഗത്തിൽ അപക്വമായ പരാമർശങ്ങൾ നടത്തുക വഴി തോമസ് ചാണ്ടി സി.പി.ഐക്ക് രാഷ്ട്രീയ ആശ്വാസം തളികയിൽ വെച്ചു നൽകുകയായിരുന്നു.
ബി. വെല്ലിംഗ്ടൺ എന്ന അപ്രസക്തനായ വ്യക്തിക്ക് വേണ്ടി എം.എൻ. ഗോവിന്ദൻ നായർ , ടി.വി തോമസ് എന്നീ കമ്യൂണിസ്റ്റ് തലയെടുപ്പുകളെ പുല്ലുപോലെ വലിച്ചെറിഞ്ഞതാണ് സി.പി.എമ്മിന്റെ പാരമ്പര്യം. ആ ചരിത്രം വികൃതമായെങ്കിലും ആവർത്തിക്കപ്പെടാൻ സാധ്യത തെളിഞ്ഞുവരികയായിരുന്നു. അന്ന് വെല്ലിംഗ്ടണെങ്കിൽ ഇന്ന് ചാണ്ടി എന്ന വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതൊക്കെ മുന്നിൽ കണ്ട് പോര് എല്ലാ പരിധിയും ലംഘിക്കുന്ന അവസ്ഥയിലെത്താതിരിക്കാൻ സി.പി.ഐ കുറച്ചു മാസങ്ങളായി ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ സി.പി.ഐ എറണാകുളം ജില്ലാസെക്രട്ടറി പി. രാജു നടത്തിയ പ്രസംഗത്തെ തള്ളിപ്പറയാൻ പോലും കാനം രാജേന്ദ്രൻ കാണിച്ച അതിരുകടന്ന തിടുക്കം മുതൽ ഇത് പരസ്യമായതാണ്. പാർട്ടിയിലെ പ്രമുഖനായ ഒരു നേതാവിനെ തള്ളിക്കളയുന്നിടം വരെ എത്തിയ ഈ പിന്മാറ്റം പോരിനില്ലെന്ന സന്ദേശം മാസങ്ങൾക്ക് മുമ്പ് തന്നെ നൽകി. ഇടയ്ക്കിടെ പേടിച്ച് പനി വരുന്ന ആളാണ് മുഖ്യമന്ത്രിയെന്നായിരുന്നു അന്നൊരു പ്രസംഗത്തിൽ രാജു നടത്തിയ പരാമർശം. മുൻ എം.എൽ.എ കൂടിയായ രാജുവിനോട് സി.പി.ഐ വിശദീകരണം തേടുക മാത്രമല്ല വിശദീകരണം എഴുതി നൽകണമെന്ന കർശന നിർദ്ദേശം പോലും അന്ന് നൽകുകയുണ്ടായി. ശ്രീകാര്യത്തെ ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവർണർ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു എറണാകുളത്ത് രാജുവിന്റെ പ്രസംഗം. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഉത്പന്നമായി അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ വിവാദങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്ന് കാനം രാജേന്ദ്രന്റെ കടുത്ത വിമർശം വന്നതിന്റെ തൊട്ടു പിന്നാലെ വന്ന രാജുവിന്റെ പ്രസംഗം ശരിക്കും സി.പി.ഐയെ പ്രതിരോധത്തിലാക്കിയിരുന്നു. ആ അവസ്ഥയിലായിരുന്നു അന്നത്തെ തന്ത്രപരമായ പിൻമാറ്റം. ഇന്നിപ്പോൾ തോമസ് ചാണ്ടിയുടെ രാഷ്ട്രീയ പരിചയക്കുറവ് സി.പി.ഐക്ക് ഗുണമായി ഭവിക്കുന്നു.
സി.പി.ഐ ഇനിയും കൂടുതൽ രാഷ്ട്രീയ ജാഗ്രതയോടെ പെരുമാറണെമന്ന സന്ദേശവും ഈ സംഭവം അവർക്ക് നൽകുന്നുണ്ട്. ഇപ്പോൾ നേടിയ ഈ സമാശ്വാസ വിജയം പാർട്ടി സമ്മേളന കാലത്ത് അവർക്ക് അണികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനുള്ള ഊർജമാണ്. ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സി.പി.ഐ ദേശീയ നേതൃത്വം തന്നെ രംഗത്തെത്തിയത് ഈ ഊർജത്തിൽനിന്ന് ശക്തി സംഭരിച്ചാണ്. തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
എൽഡിഎഫ് സർക്കാരിൽ അഴിമതിക്ക് സ്ഥാനമില്ല. ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് റവന്യുമന്ത്രി മുഖ്യമന്ത്രിയോട് ശിപാർശ ചെയ്തിട്ടുണ്ടെന്നും സുധാകർ റെഡ്ഡി പറഞ്ഞിട്ടുണ്ട്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ തോമസ് ചാണ്ടിയുടെ ഭാവി തുലാസിലാക്കുന്നതാണ് ഈ നിലപാടെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.