- കുഞ്ഞമ്മദ് വാണിമേൽ
കേരളത്തിന്റെ നവോഥാന നായകൻ ഗൾഫ് പണമാണ് എന്ന് ചാവക്കാടിന്റെ സാംസ്കരിക പരിസരത്ത് നിന്ന് പി.ടി. വിളിച്ചു, വിളിച്ചു പറഞ്ഞപ്പോൾ എത്ര സഖാക്കൾ ആദ്യമാദ്യം അതുൾക്കൊണ്ടു ? ഇപ്പോഴും എത്ര പേർ അത് സമ്മതിക്കുന്നുണ്ടാകും ? മതാത്മക നാട്ടിൽ നിന്നെത്തുന്ന പണം കൊണ്ടാണ് 'കമ്യൂണിസ്റ്റ്കാരുടെ സ്വപ്ന ഭൂമി' ഈ വിധം മാറി മറിഞ്ഞതെന്ന് പറയുമ്പോൾ മനംപുരട്ടൽ അനുഭവപ്പെടാത്ത എത്ര പാർട്ടിക്കാരുണ്ടാകും ?
ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷിക കാലമാണിത് ( 1917- 2017). ആഘോഷത്തിന്റെ ഭാഗമായി ഫീച്ചർ എഴുതാനായി രണ്ട് ലേഖകരെ വാഷിങ്ടൺ പോസ്റ്റ് കേരളത്തിലേക്കയച്ചു- ഗ്രെഡ് ജഫ്രി, വിധി ജോഷി. ഓഗസ്റ്റിലാണ് അവർ കേരളത്തിൽ ഇതിനായി സഞ്ചരിച്ചത്. ഡോ.തോമസ് ഐസക്കിനെ തന്നെ ആശ്രയിച്ചത് സ്വാഭാവികം. ആശയകൈമാറ്റത്തിനുള്ള സൗകര്യം തന്നെ. ഇംഗ്ലീഷ് പത്രപ്രവർത്തനരംഗത്തുള്ള, കേരളത്തിലെ അറിയപ്പെടുന്ന വനിതാ പത്രപ്രവർത്തകയും സംഘത്തോടൊപ്പം സഞ്ചരിച്ചിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചിത്രത്തിലേ ഇല്ല. അതെന്തെങ്കിലുമാകട്ടെ.
കമ്യൂണിസ്റ്റ് നൊസ്റ്റാൾജിയയിൽ കഴിയുന്നവരിപ്പോൾ ഈ ഫീച്ചർ ആഘോഷമാക്കുകയാണ്. എഴുത്തൊരുക്കത്തിന് രണ്ട് മാസം സമയമെടുത്ത് ഒക്ടോബർ 27 നാണ് ഫീച്ചർ പ്രസിദ്ധീകൃതമായത്. തിങ്കളാഴ്ച മുതൽ സോഷ്യൽ മീഡിയിൽ വാദ കോലാഹലമാണ്. കണ്ടില്ലെ ഇത് ഞങ്ങളുടെ വിജയം എന്ന അവകാശവാദമുമായി ഒരു വിഭാഗം രംഗത്തുള്ളപ്പോൾ അയ്യോ ഇനിയെന്തൊക്കെ കാണണണം എന്ന് മറ്റൊരു വിഭാഗം പരിഹസിക്കുന്നു. സ്വപ്നങ്ങൾ അലങ്കരിക്കും ഞങ്ങളുടെ കമ്യൂണിസ്റ്റ് വീടു കണ്ടോ ? ഏത് മുതലാളിത്ത സ്വർഗ്ഗവും നാണിച്ചു പോകും എന്ന് നൊസ്റ്റാൾജിയക്കാർ കോറസാകുന്നു. അതെ, സോവ്യറ്റെന്നൊരു നാടുണ്ടത്രെ , പോകാൻ കഴിഞ്ഞാൽ എന്ത് ഭാഗ്യം എന്ന് പണ്ടൊരിക്കൽ പാടിയവരുടെയും, മധുര മനോജ്ഞ ചൈനയുടെയും ആളുകൾ തന്നെ.
'ഇതാ കാണൂ ഈ കൊച്ചു കേരളത്തെ.. കമ്മ്യൂണിസ്റ്റ് വിപഌവത്തിന്റെ സ്വപ്ന ഭൂമിയെ, കേൾക്കു അവരുടെ വിജയഗാഥകൾ..നിങ്ങൾക്കുകാണാം അവരുടെ സ്വപ്നങ്ങൾ'... അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് നിർലോഭം പ്രശംസ ചൊരിയുകയാണ്. നമ്മുടെ കൊച്ചുകേരളത്തിന്. '' ദേശാഭിമാനി പത്രം ഈ വിധമാണ് മുഖ്യ പേജിൽ ആവേശ കൊടുമുടി കയറുന്നത്.
മലയാളത്തിലെ മുതലാളിത്ത പത്രം എന്ന് കമ്യൂണിസ്റ്റുകാർ എപ്പോഴും പുറമേക്ക് പുലഭ്യം പറയുന്ന മലയാള മനോരമയെപ്പറ്റി ഇ.എം.എസ് നമ്പൂതിരിപ്പാട് സ്ഥിരമായി പറയാറുള്ള ഒരു കാര്യമുണ്ട്- മനോരമ എന്നെപ്പറ്റി നല്ലത് എഴുതിയാൽ ഭയമാണെന്ന്. തനിക്കെന്തോ തെറ്റ് പറ്റി എന്നാണതിനർഥമെന്ന്. വാഷിങ്ടൺ പോസ്റ്റിനെക്കുറിച്ച് അത്തരം ആശങ്കളൊന്നും ഇതുവരെ ഇ.എം.എസിന്റെ പിൻമുറക്കാർ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. അവർക്ക് അത്രക്ക് വിശ്വാസമാണെന്ന് തോന്നുന്നു ഫീച്ചറെഴുതിയ മുതലാളിത്ത പത്രത്തെ. ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷത്തിനായി റഷ്യയിലേക്ക് പോകുന്നതിന് മുമ്പ് ഈ വിഷയത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ആവേശ പൂർവ്വം പ്രതികരിച്ചിട്ടുണ്ട്. വാഷിങ്ടൺ പോസ്റ്റ് നൽകിയ അംഗീകാരത്തിൽ അഭിമാനമുണ്ട് എന്നാണദ്ദേഹം പറഞ്ഞത്.
80-90 കാലഘട്ടത്തിൽ തൊഴിൽ തേടി ഗൾഫിലേക്ക് പോയവർ കേരളത്തിന്റെ ഭാവി മാറ്റിയെന്നാണ് ഫീച്ചർ സാക്ഷ്യം പറയുന്നത്. പ്രവാസികളാണ് കേരളത്തെ മാറ്റിയതെന്ന് പാർട്ടികൾ എന്ന നിലക്ക് കമ്യൂണിസ്റ്റുകാർ അംഗീകരിച്ചതെന്ന് മുതലാണ് എന്ന ചോദ്യം ഏറെ പ്രസക്തമാകുന്നുണ്ട്. ഏതായാലും സമീപകാലത്തായിരുന്നു അത്. ഇക്കാര്യത്തിൽ പി.ടി. കുഞ്ഞുമുഹമ്മദ് എന്ന സി.പി.എം മുൻ എം.എൽ.എയുടെ പങ്ക് വീണ്ടും വീണ്ടും എടുത്തു പറയേണ്ടതുണ്ട്.
കേരളത്തിന്റെ നവോഥാന നായകൻ ഗൾഫ് പണമാണ് എന്ന് ചാവക്കാടിന്റെ സാംസ്കരിക പരിസരത്ത് നിന്ന് പി.ടി. വിളിച്ചു, വിളിച്ചു പറഞ്ഞപ്പോൾ എത്ര സഖാക്കൾ ആദ്യമാദ്യം അതുൾക്കൊണ്ടു ? ഇപ്പോഴും എത്ര പേർ അത് സമ്മതിക്കുന്നുണ്ടാകും ? മതാത്മക നാട്ടിൽ നിന്നെത്തുന്ന പണം കൊണ്ടാണ് 'കമ്യൂണിസ്റ്റ്കാരുടെ സ്വപ്ന ഭൂമി ' ഈ വിധം മാറി മറിഞ്ഞതെന്ന് പറയുമ്പോൾ മനംപുരട്ടൽ അനുഭവപ്പെടാത്ത എത്ര പാർട്ടിക്കാരുണ്ടാകും ?
കേരളത്തിലെ ഏത് പരിഷ്ക്കാരവും ഗൾഫ് പ്രവാസത്തോട് ബന്ധപ്പെട്ടാണ് കിടക്കുന്നതെന്ന പി.ടി.യുടെ വാദം സി.പി.എമ്മും മടിച്ചു, മടിച്ചായിരിക്കും അംഗീകരിച്ചിട്ടുണ്ടാവുക- നിവൃത്തി കേട് കൊണ്ട്.
ഗൾഫാണ് കേരളത്തിൽ മാറ്റങ്ങളെല്ലാം കൊണ്ടു വന്നതെങ്കിൽ അവിടെ കമ്യൂണിസത്തിനെന്താണ് പങ്ക്. ഏത് ഗൾഫ് നാടാണ് കമ്യൂണിസം എന്ന പ്രത്യയ ശാസ്ത്രത്തെ അംഗീകരിക്കുകയെങ്കിലും ചെയ്യുന്നത്.
അകമ്പടി പോയ ആരോ ലേഖകരെ നല്ല വണ്ണം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഒരിക്കലും അർഹിക്കാത്ത ഈ മഹത്വവൽക്കരണം അവർ നടത്തുമായിരുന്നില്ല. അല്ലെങ്കിൽ പത്രത്തിന് ഗൂഡ ലക്ഷ്യം കാണും. അവസാനം പറഞ്ഞതിനാണ് കൂടുതൽ സാധ്യത.
ഒന്ന് മാത്രം ഓർത്താൽ മതിയായിരുന്നു. കേരളം ഇന്ന് കാണുന്ന വിധം വ്യവസായ മുരടിപ്പിന്റെ ഇടമാക്കിയതിൽ കമ്യൂണിസ്റ്റ് മനസിന്റെ പങ്ക് എത്ര വലുതാണ്. ഗൾഫ് കൂടി ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ സ്ഥിതി എന്നാലോചിക്കുമ്പോൾ, ആ ഉത്തരം നമ്മുടെ മുന്നിലെത്തും- മുപ്പത് കൊല്ലം കമ്യൂണിസ്റ്റുകാർ ഭരിച്ച ബംഗാളിൽ നിന്ന് ഒരുഗതിയും പരഗതിയുമില്ലാതെ വന്ന് കേരളത്തിൽ തൊഴിൽ ജീവിതം നയിക്കുന്ന ബംഗാൾ പണിക്കാർ.
1970 കൾ മുതൽ മലയാളി ഗൾഫിൽ പോയി ജീവതം രക്ഷപ്പെടുത്തി. അതിന് മുമ്പ് നല്ലവരായ പാതിരിമാർ പിന്നോക്ക കേന്ദ്രങ്ങളിലൊക്കെ കൊള്ളാവുന്ന സ്കൂളുകൾ തുടങ്ങി. ഒരു തലമുറയ്ക്ക് അതു വഴി നല്ല വിദ്യാഭാസം കിട്ടി. സാംസ്കാരിക പരിസരമൊരുക്കാൻ അയ്യങ്കാളി, ശ്രീ നാരായണ ഗുരു , വക്കം മൗലവി, സഹോദരൻ അയ്യപ്പൻ,വാഗ്ഭടാനന്ദൻ, ,പണ്ഡിറ്റ് കറുപ്പൻ, ഡോ. പൽപ്പു,മന്നത്തു പത്മനാഭൻ എന്നിവരൊക്കെ ഉണ്ടായിരുന്നു. ഇവരാരും കമ്യൂണിസ്റ്റുകാരായിരുന്നില്ല. ഇവരൊക്കെ ഉണ്ടാക്കിയെടുത്തത് ഉപയോഗിക്കാനല്ലാതെ എന്തെങ്കിലും പുതിയത് കൊണ്ടു വരാൻ ഇന്ന് അവകാശ വാദമുന്നയിക്കുന്നവർക്കൊന്നും കഴിഞ്ഞിട്ടില്ല.
ഭരണ രംഗത്ത് എന്തെങ്കിലും ഗുണപരമായ കാര്യങ്ങൾ ചെയ്ത്വെക്കാൻ കഴിഞ്ഞവരാകട്ടെ ഗാന്ധിയൻ കമ്യൂണിസ്റ്റുകളുമായിയിരുന്നു. സി.അച്യുതമേനോനെപ്പോലുള്ളവർ ഉദാഹരണം. തകരണം തകർക്കണം എന്ന് ചിന്തിച്ചവരായിരുന്നില്ല അവർ. ഫീച്ചറിൽ എടുത്തു പറയുന്ന വിമാനതാവളങ്ങളുടെ കാര്യമെടുക്കുക. അവ കൊണ്ടു വന്നതും കമ്യൂണിസ്റ്റുകാരല്ലാത്ത ഭരണാധികാരികൾ- വലിയ തോതിലുള്ള കമ്യൂണിസ്റ്റ് എതിർപ്പുകൾ മറികടന്ന്.
ഏറ്റവും അവസാനമായി നടന്ന നിയമ സഭാസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കേരളത്തിൽ കമ്യൂണിസ്റ്റ് ഭരണമല്ല നിലവിലുള്ളത് എന്നാണ്. കമ്യൂണിസ്റ്റ് പാർട്ടികളും ഭരണത്തിലുണ്ടെന്നേ പറയാൻ പറ്റൂ എന്നാണദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്. ഒക്ടോബർ വിപ്ലവത്തിനടുത്ത് തന്നെ പ്രായം കേരളത്തിലെ കമ്യൂണിസ്റ്റ് മനസിനും കാണും. ഒറ്റക്ക് അധികാരത്തിൽ വന്നിട്ടു തന്നെ 60 കൊല്ലമായി. ഒറ്റക്ക് എന്നൊരവസ്ഥ ഇനി സ്വപ്നം കാണെനെങ്കിലും വാഷിങ്ടൺ പോസ്റ്റം കൊണ്ട് നടക്കുന്നവർക്ക് സാധിക്കില്ല. അല്ലെങ്കിൽ തന്നെ കമ്യൂണിസ്റ്റ് സ്വപ്നങ്ങൾക്കൊക്കെ വായനയുടേയും കഠിനമായ പഠനങ്ങളുടേയും അടിത്തറവേണം. കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തെപ്പറ്റി കൽപ്പറ്റ നാരായണൻ പറഞ്ഞ ഒരു കാര്യമുണ്ട്- അവർക്ക് അനുയായികളായിരുന്നില്ല, വായനക്കാരാണ് ഉണ്ടായിരുന്നതെന്ന്. കേരളത്തിൽ കമ്യൂണിസം സ്വപ്നം കാണുന്നവരിൽ എത്രപേർ ഈ ഗണത്തിൽ വരുമെന്നാലോചിച്ചാൽ മതി യാഥാർഥ്യം ബോധ്യപ്പെടാൻ.
കമ്യൂണിസം കിഴക്കോ പടിഞ്ഞാറോ എന്നറിഞ്ഞിട്ടു വേണമല്ലോ അതുവെച്ച് സ്വപ്നം നെയ്യാൻ.