റിയാദ് - മൂന്നു വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന ഖത്തര്‍ പ്രതിസന്ധിക്ക് അയവുണ്ടാക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രാഥമിക കരാറില്‍ സൗദി അറേബ്യയും ഖത്തറും വൈകാതെ ഒപ്പുവെച്ചേക്കുമെന്ന് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ച മറ്റു മൂന്നു രാജ്യങ്ങളായ ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും കരാറിന്റെ ഭാഗമാകില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇറാനുമായുള്ള ഖത്തറിന്റെ ബന്ധം അടക്കം ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിശാലമായ ഒരു കരാര്‍ ഇനിയും ഏറെ ദൂരെയാണെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു.
കുവൈത്ത് മധ്യസ്ഥതയില്‍ മാസങ്ങളോളം നീണ്ടുനിന്ന തുടര്‍ച്ചയായ നയതന്ത്ര ശ്രമങ്ങള്‍ക്കു ശേഷമാണ് പ്രതിസന്ധി പരിഹരിക്കുന്ന ദിശയില്‍ പുതിയ മുന്നേറ്റത്തിനുള്ള സാധ്യത ഉയര്‍ന്നിരിക്കുന്നത്. ഈയാഴ്ച ഗള്‍ഫ് മേഖല സന്ദര്‍ശിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും മധ്യപൗരസ്ത്യദേശത്തേക്കുള്ള ട്രംപിന്റെ ദൂതനുമായ ജരേദ് കുഷ്‌നര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ പുതിയ ചലനം ഉണ്ടായിരിക്കുന്നത്. കര, വ്യോമ അതിര്‍ത്തികള്‍ വീണ്ടും തുറക്കല്‍, മാധ്യമ യുദ്ധം അവസാനിപ്പിക്കല്‍ എന്നിവ അടക്കം ഉഭയകക്ഷിബന്ധം ക്രമേണ പുനരാരംഭിക്കാനുള്ള വിശദമായ പദ്ധതിയുടെ ഭാഗമായി പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തില്‍ അടുപ്പമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഉള്‍പ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.