കോഴിക്കോട്- വടകരയിലെ കല്ലാമല ഡിവിഷനിൽ ആർ.എം.പിക്ക് വേണ്ടി കോൺഗ്രസ് സ്ഥാനാർത്ഥിയോടെ പിന്മാറാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും വിജയത്തിന് തടസം സൃഷ്ടിക്കും എന്നതിനാലാണ് തീരുമാനമെന്നും പ്രശ്‌നം പരിഹരിച്ചെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
കല്ലാമലയിൽ ആർ.എം.പി യു.ഡി.എഫുമായി ചേർന്ന് ജനകീയ മുന്നണി രൂപീകരിച്ച് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. എന്നാൽ കോൺഗ്രസ് മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തുകയും അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം അനുവദിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായി. സ്ഥാനാർഥിയെ പിൻവലിച്ചില്ലെങ്കിൽ പ്രചരണത്തിന് ഇറങ്ങില്ലെന്ന് കെ. മുരളീധരൻ എം.പി മുന്നറിയിപ്പ് നൽകി. ഇത് കോൺഗ്രസിനകത്തും പ്രശ്‌നങ്ങളുണ്ടാക്കി. തുടർന്നാണ് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനിച്ചത്.
അതേസമയം തന്നോട് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി ജയകുമാർ പറഞ്ഞു. തനിക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രചരണ രംഗത്തുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.