തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ഭാര്യയ്ക്ക് ഊരാളുങ്കൽ സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2018-ൽ മണ്ണുമാന്തി യന്ത്രം സൊസൈറ്റിക്ക് വാടകക്ക് കൊടുത്ത് ലക്ഷങ്ങൾ കൈപറ്റിയെന്നാണ് ഇ.ഡി പറയുന്നത്. കഴിഞ്ഞ ദിവസം ഊരാളുങ്കൽ സൊസൈറ്റിയിൽ ഇ.ഡി നടത്തിയ പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട ചില രേഖകൾ ലഭിച്ചത്. സൊസൈറ്റിയിൽ നിക്ഷേപമുള്ളവരുടെ പട്ടികയിൽ രവീന്ദ്രന്റെ പേരില്ലായിരുന്നു. തുടർന്നാണ് ബന്ധുക്കളുടെ പേര് പരിശോധിച്ചത്. 2018-ൽ ജെ.സി.ബി വാടകക്ക് നൽകിയതിലൂടെ മണിക്കൂറിൽ 2500 രൂപ വീതം വാടക രവീന്ദ്രന്റെ ഭാര്യയുടെ എക്കൗണ്ടിലേക്ക് പോകുന്നുണ്ട്. സൊസൈറ്റിയുടെ കീഴിലുള്ള മുക്കത്തെ പാറമടയിലാണ് യന്ത്രം പ്രവർത്തിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പന്ത്രണ്ട് സ്ഥാപനങ്ങളിൽ രവീന്ദ്രനോ ബന്ധുക്കൾക്കോ ഓഹരിയുണ്ടെന്ന് നേരത്തെ ഇ.ഡി കണ്ടെത്തിയിരുന്നു.