റിയാദ്- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സൗദി അറേബ്യന്‍ അതിര്‍ത്തികള്‍ തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം വൈകിയേക്കും. രാജ്യത്തിന്റെ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കുന്നത് സംബന്ധിച്ചും സൗദി പൗരന്മാര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ചും വിശദവിവരങ്ങള്‍ പിന്നീടുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നേരത്തെ ജനുവരി ഒന്നുമുതല്‍ വിമാനസര്‍വീസ് തുടങ്ങാനാവുമെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഡിസംബര്‍ ആദ്യത്തില്‍ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രഖ്യാപനം പിന്നീടേക്ക് മാറ്റി മന്ത്രാലയത്തിന്റെ അറിയിപ്പുണ്ടായത്.
പല രാജ്യങ്ങളിലും കോവിഡിന് ശമനമുണ്ടാകാതിരിക്കുകയും ചിലയിടങ്ങളില്‍ രണ്ടാം വരവുണ്ടാവുകയും ചെയ്തത് അന്താരാഷ്ട്രതലത്തില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ ബാധിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ പ്രചാരത്തിലായാല്‍ മാത്രമേ എല്ലാ രാജ്യങ്ങളും പൂര്‍ണമായി അവരുടെ അതിര്‍ത്തികള്‍ തുറക്കാന്‍ സാധ്യതയുള്ളൂ. സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ദിനേന രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ശുഭപ്രതീക്ഷയുമാണ്. ലോകത്ത് ആദ്യം കോവിഡ് വാക്‌സിനുകള്‍ ലഭ്യമാകുന്ന രാജ്യങ്ങളിലൊന്ന് സൗദി അറേബ്യയായിരിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. ആരോഗ്യമന്ത്രാലയം സ്വീകരിച്ച മുന്‍കരുതലുകള്‍ ജനങ്ങള്‍ പാലിക്കുന്നത് കൊണ്ടുതന്നെയാണ് രോഗ വ്യാപനം കുറയാന്‍ കാരണമായത്. എന്നാല്‍ പല വിദേശരാജ്യങ്ങളിലും കോവിഡ് ഭീതി വിട്ടൊഴിയാത്തത് കാരണം സൗദിയുടെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ സാധാരണ രീതിയില്‍ തുറന്നിടുന്നതിന് നിയന്ത്രണമുണ്ട്. ഇപ്പോഴും ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. അതേസമയം രോഗവ്യാപന നിയന്ത്രണത്തിന്റെ ഭാഗമായാണ് ഇന്ത്യപോലുള്ള കോവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള യാത്രക്ക് നിരോധനമേര്‍പ്പെടുത്തിയതും.
അതിനിടെ ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ ഹാദി മന്‍സൂരിയുമായി ചര്‍ച്ച നടത്തി. എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വിമാനസര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും രോഗശമന നിരക്കും മറ്റും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കഴിഞ്ഞ മൂന്നാഴ്ചയായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വിമാനസര്‍വീസ് പുനരാരംഭിക്കുന്നതിനായി സിവില്‍ ഏവിയേഷന്‍, വിദേശകാര്യ, ആരോഗ്യവകുപ്പുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വരികയാണ്. നിലവില്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് ഇന്ത്യക്കാര്‍ സൗദിയിലെത്തുന്നതെന്നും ഇത് പ്രയാസമുണ്ടാക്കുന്നതായും സൗദി അധികൃതരെ അറിയിച്ചിട്ടുണ്ട്. സൗദി വിദേശകാര്യസഹമന്ത്രി ഡോ. അബ്ദുറഹ്മാന്‍ അല്‍റസ്സിയുമായി ഇന്നലെ അംബാസഡര്‍ നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയം ചര്‍ച്ചയായിട്ടുണ്ട്. വൈകാതെ ഇന്ത്യയിലെ ചില സെക്ടറുകളില്‍ നിന്ന് സര്‍വീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.