ഹബീബ് ഏലംകുളം
ആകാശയാത്രക്കിടെ കൈവിട്ടുപോകുമായിരുന്ന എന്റെ ഭാര്യയുടെ ജീവിതം ഫൈസൽ എന്ന യുവാവാണ് കൈക്കുമ്പിളിലാക്കി തിരികെ തന്നത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ആ സംഭവമുണ്ടായത്. കോഴിക്കോട്ട്‌നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു ഭാര്യ സൈനബ ദമാമിലേക്ക് പുറപ്പെട്ടത്. രാത്രി പതിനൊന്ന് മണിക്കാണ് വിമാനം കോഴിക്കോട്ട്‌നിന്ന് യാത്രതിരിച്ചത്. രണ്ടു മണിക്കൂർ പിന്നിട്ടപ്പോഴേക്കും അവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. സാധാരണ വിമാനയാത്രയിൽ ഇത് ഇടയ്‌ക്കെല്ലാം ഉണ്ടാവാറുണ്ട്. അധികം വൈകാതെ അവർക്ക് അസ്വസ്ഥത വർധിക്കുകയും അടുത്തുള്ള യാത്രക്കാരനിൽനിന്ന് വെള്ളം ചോദിക്കുകയും ചെയ്തു. വെള്ളം കുടിച്ചതോടെ ഉടൻ തളർന്നുവീണു.
മെഡിക്കൽ രംഗത്തുള്ള ആരെങ്കിലും വിമാനത്തിലുണ്ടോ എന്ന് വിമാനജോലിക്കാർ അനൗൺസ് ചെയ്തു. ജുബൈലിൽ ജീവകാരുണ്യമേഖലയിൽ കൂടി സജീവസാന്നിധ്യമായ കണ്ണൂർ സ്വദേശി ഫസൽ വിമാനത്തിലുണ്ടായിരുന്നു. ഫസൽ ഓടിയെത്തുകയും പ്രാഥമിക ശുശ്രൂഷ നൽകാൻ തുടങ്ങുകയും ചെയ്തു. എന്നാൽ വിമാനത്തിൽ ഒരു സ്റ്റെതസ്‌കോപ്പ് പോലുമുണ്ടായിരുന്നില്ല. മാത്രമല്ല, സഹയാത്രികരിൽ ഒരാൾ പോലും ഫസലിനെ സഹായിക്കാനുമെത്തിയില്ല. കുറച്ചുകഴിഞ്ഞതിന് ശേഷമാണ് മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ സഹായത്തിനെത്തിയത്.
അവരുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ നൽകി. തളർച്ചയിൽ നിന്നും അല്പം ശമനം ലഭിച്ചതോടെ ഭാര്യ നിർത്താതെ ചർദിക്കുകയും ചെയ്തു. ചർദ്ദിലെല്ലാം തന്റെ കൈക്കുമ്പിളിലാക്കിയാണ് ഫൈസൽ കളഞ്ഞത്. ശരീരം വീണ്ടും തളർന്നതോടെ സീറ്റുകൾ നിവർത്തിയിട്ട് അവിടെ കിടത്തി. ഈ സമയത്തൊന്നും വിമാനത്തിലെ ജീവനക്കാർ ആ വഴിക്ക് പോലും വന്നില്ല എന്നതാണ് സങ്കടകരം. ഒടുവിൽ വിമാനം ദമാമിൽ എത്തിയെങ്കിലും വീൽ ചെയർ എത്തിക്കാൻ ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. അത്യാസന്ന നിലയിലായ ഇവരെ പുറത്തെത്തിക്കാൻ കൺട്രോൾ റൂമിൽ അറിയിക്കാൻ പോലും വിമാനജോലിക്കാർ തയ്യാറായില്ല. വിമാനത്തിനകത്ത് ജീവന്മരണ സംഭവങ്ങൾ നടന്നപ്പോൾ പോലും നോക്കുകുത്തികളായി നിന്ന യാത്രക്കാരുടെയും വിമാനത്തിലെ ജീവനക്കാരുടെയും കാര്യത്തിൽ പരിതപിക്കുകയല്ലാതെ മറ്റെന്ത് ചെയ്യുമെന്ന് ഫസൽ ചോദിക്കുന്നു.