മദീന- ആറു വർഷമായി വിസ കാലാവധി കഴിഞ്ഞു മദീനയിൽ പലയിടങ്ങളിലായി കഴിഞ്ഞുകൂടിയിരുന്ന ഉത്തർപ്രദേശ് ലഖ്‌നൗ സ്വദേശി മുഹമ്മദ് ഹാറൂൻ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ സമയോചിതമായ ഇടപെടൽ മൂലം നാടണഞ്ഞു. താമസ രേഖകളും മറ്റും കാലാവധിക്കകം പുതുക്കാൻ കഴിയാതെയായതിനാൽ കാര്യമായ ജോലിയില്ലാതെയാവുകയും അതോടൊപ്പം രോഗാതുരനാവുകയും ചെയ്തതോടെ തീർത്തും ദുരിതത്തിലാവുകയായിരുന്നു ഹാറൂൻ. കൃത്യമായ ചികിത്സ ലഭിക്കാതായതോടെ വിഷമത്തിലായ ഹാറൂനെ സുഹൃത്തുക്കൾ ചേർന്ന് മദീനയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ഗുരുതരമായ പ്രമേഹം പിടിപെടുകയും ഇരു വൃക്കകളും തകരാറിലാവുകയും ചെയ്തതായി വിശദമായ പരിശോധനയിൽ വ്യക്തമായി. പരിചരിക്കാൻ ആരുമില്ലാതിരുന്ന അവസ്ഥയിൽ ആശുപത്രി അധികൃതർ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിങ്ങിനെ അറിയിക്കുകയും വെൽഫെയർ ഇൻചാർജ് അസീസ് കുന്നുംപുറത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.
രണ്ടു മാസത്തെ ചികിത്സക്കും ഡയാലിസിസിനും ശേഷം ആരോഗ്യാവസ്ഥയിൽ നല്ല പുരോഗതിയുണ്ടായതിനാൽ തുടർ ചികിത്സക്കും കുടുംബത്തോടൊപ്പം കഴിയാനുമുള്ള വഴികൾ തേടുകയായിരുന്നു സോഷ്യൽ ഫോറം വെൽഫെയർ വിങ്. തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഔട്ട്പാസിനു വേണ്ടി അപേക്ഷിച്ചു. മുഹമ്മദ് ഹാറൂന്റെ സ്ഥിതിഗതികൾ മനസ്സിലാക്കിയ കോൺസുലേറ്റ് അധികൃതരുടെ സത്വര നടപടികൾ മൂലം ഔട്ട്പാസ് എളുപ്പത്തിൽ അനുവദിച്ചു കിട്ടി. അനന്തര നടപടികൾക്കായി തർഹീലിലും, തൊഴിൽ മന്ത്രാലയത്തിലും അപേക്ഷ നൽകുകയും തർഹീൽ മേധാവി അനുഭാവപൂർണമായി ഇടപെട്ടതോടെ എക്‌സിറ്റും ലഭിച്ചു.
സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി നേതൃത്വം എസ്.ഡി.പി.ഐ. ലഖ്‌നൗ ഘടകത്തിന്റെ സഹായത്തോടെ മുഹമ്മദ് ഹാറൂണിന്റെ സഹോദരനെയും മക്കളെയും ബന്ധപ്പെട്ട് നാട്ടിലേക്കെത്തിക്കാനുള്ള സംവിധാനങ്ങൾ ചെയ്തു. നടപടികൾ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ദൽഹി വഴി ലഖ്‌നോവിലെക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ മുഹമ്മദ് ഹാറൂനെ യാത്രയാക്കി. രേഖകൾ സംബന്ധമായ കാര്യങ്ങൾക്ക് സോഷ്യൽ ഫോറം വളണ്ടിയർ ലീഡർ മഷ്ഹൂദ് ബാലരാമപുരം (ജിദ്ദ) നേതൃത്വം നൽകി. മുഹമ്മദ് ഹാറൂനെ യാത്രയയക്കാൻ സോഷ്യൽഫോറം ഭാരവാഹികളായ കെ.പി. മുഹമ്മദ്, അസീസ് കുന്നുംപുറം, അഷ്‌റഫ് ചൊക്ലി, മൂസ രാമപുരം, റഷീദ് വരവൂർ എന്നിവർ എയർപോർട്ടിലെത്തിയിരുന്നു.