ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) ഓൺലൈൻ ക്വിസ് ഇന്ത്യ-2020 ന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയായി. രണ്ടു വിഭാഗങ്ങളിലായി അഞ്ഞൂറിലേറെ കുട്ടികൾ മത്സരിച്ച പ്രാഥമിക റൗണ്ട് മത്സരത്തിൽനിന്ന് 80 വിദ്യാർഥികളെ രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുത്തു.
ആധുനിക കാലഘട്ടത്തിൽ ഇന്ത്യയെ കുറിച്ച് ശരിയാംവണ്ണം അറിയാനും മനസ്സിലാക്കാനും വിദ്യാർഥികൾ പരമാവധി ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യണമെന്നും വിദ്യാർഥികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട് പരമാവധി വർധിപ്പിക്കണമെന്നും ഇസ്പാഫ് ഓൺലൈൻ ക്വിസ് ഇന്ത്യയുടെ സീനിയർ സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അൽ അബീർ ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് (സ്ട്രാറ്റജിക് പ്ലാനിങ്) ഡോ.ജംഷീദ് അഹ്മദ് പറഞ്ഞു.
രക്ഷിതാക്കളെ ആദരിക്കുകയും അനുസരിക്കുകയും മുതിർന്നവരെ ബഹുമാനിക്കുകയും ചെയ്യണമെന്ന് ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഡയറക്ടർ വി.പി. മുഹമ്മദലി ജൂനിയർ സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് വിദ്യാർഥികളെ ഉണർത്തി.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സര പരീക്ഷകളിൽ ഇന്ത്യയുമായി ബന്ധപ്പെട്ട ചരിത്രം, ഭൂമിശാസ്ത്രം, സംസ്‌കാരം, കല, കായികം, ആനുകാലികം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദിച്ചു കൊണ്ടുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.
സൗദി അറേബ്യയിലെ ഇന്ത്യൻ സ്‌കൂളുകളിലെ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള അഞ്ഞൂറിൽപരം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. (6-8) ക്ലാസ്സുകളിലുള്ള വിദ്യാർഥികൾ ജൂനിയർ വിഭാഗത്തിലും, (9- 12) ക്ലാസ്സുകളിലുള്ള കുട്ടികൾ സീനിയർ വിഭാഗത്തിലുമാണ് മത്സരിച്ചത്. ഇരു വിഭാഗങ്ങളിലുമായി രണ്ടാം റൗണ്ട് മത്സരങ്ങളിലേക്ക് 80 വിദ്യാർഥികൾ യോഗ്യത നേടി.
സീനിയർ, ജൂനിയർ വിഭാഗങ്ങളായി തരംതിരിച്ചു രണ്ടു തവണയായി നടത്തിയ പരിപാടിയിൽ റിഹാം അഷ്ഫാഖ്, ഫെല്ലാ ഫാത്തിമ തുടങ്ങിയവർ വിശുദ്ധ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് ഫൈസൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി, ജാഫർ ഖാൻ എന്നിവർ അധ്യക്ഷത വഹിച്ചു.
അലി മുഹമ്മദലി (ജെ.എൻ.എച്ച്), ഇസ്പാഫ് രക്ഷാധികാരികളായ അസൈനാർ അങ്ങാടിപ്പുറം, സലാഹ് കാരാടൻ, അബ്ദുൽ അസീസ് തങ്കയത്തിൽ, പി.എം മായിൻകുട്ടി, നാസർ ചാവക്കാട്, ട്രഷറർ ഷജീർ അബ്ദുൽ ഖാദർ തുടങ്ങിയവർ ആശംസകൾ നേർന്നു. മുഖ്യ പ്രോഗ്രാം കൺവീനർ ഷിജോ ജോസഫ് നന്ദി പറഞ്ഞു. എക്‌സിക്യൂട്ടീവഴ് കമ്മിറ്റി അംഗങ്ങൾ പരിപാടി നിയന്ത്രിച്ചു.