ദോഹ- ഖത്തറിൽ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ '98.6 എഫ്.എം' പ്രക്ഷേപണം ഇന്ത്യൻ അംബാസഡർ പി. കുമരൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായ മുഹമ്മദ് ഹാഷിമിന്റെയും റിദാ കാസിമിന്റെയും ഖുർആൻ പാരായണത്തോടെയാണ് ഇന്നലെ രാവിലെ ഒമ്പത് മണി എട്ട് മിനിറ്റ് ആറ് സെക്കന്റിനു പ്രക്ഷേപണത്തിനു തുടക്കം കുറിച്ചത്. ശേഷം ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ രാഷ്ട്രത്തോടുള്ള പ്രഭാഷണത്തിൽ ഖത്തറിന്റെ വികസനത്തിൽ മീഡിയയും പ്രവാസികളും വഹിക്കുന്ന പങ്ക് പ്രത്യേകം എടുത്തു പറഞ്ഞത് റേഡിയോ പ്രക്ഷേപണം ചെയ്തു. തുടർന്ന് ഇന്ത്യൻ അംബാസഡർ പി. കുമരൻ ശ്രോതാക്കളെ അഭിസംബോധന ചെയ്തു.
ഖത്തർ വിഷൻ 2030 വികസന നയങ്ങളുടെ ഭാഗമായി ഖത്തർ സാംസ്‌കാരിക കായിക മന്ത്രാലയമാണ് പുതിയ റേഡിയോ സ്‌റ്റേഷനുകൾക്ക് അനുമതി നൽകിയത്. ചാനലുകളുടെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച വൈകുന്നേരം ആറു മണിക്ക് മന്ത്രാലയത്തിൽ ക്ഷണിക്കപ്പെട്ടവരുടെ പ്രത്യേക ചടങ്ങിൽ ഖത്തർ സാംസ്‌കാരിക കായിക മന്ത്രി സ്വാലിഹ് ബിൻ ഗാനിം അൽഅലി നിർവഹിക്കും.
അര മില്യനോളം വരുന്ന ഖത്തറിലെ മലയാളികൾക്ക് സ്വന്തം റേഡിയോ എന്നതാണ് 98.6 മലയാളം എഫ്.എമ്മിന്റെ പ്രചോദനമെന്ന് മലയാളം റേഡിയോ വൈസ് ചെയർമാൻ സൗദ് സഅദ് മാജിദ് അൽകുവാരി പറഞ്ഞു. മാധ്യമ റേഡിയോ രംഗത്ത് നിരവധി വർഷങ്ങളുടെ പരിചയ സമ്പത്തുള്ള മാനേജ്‌മെന്റും കേരളത്തിലെ അറിയപ്പെട്ട റേഡിയോ അവതാരകരുമാണ് 98.6 മലയാളം എഫ്.എം'ന്റെ അണിയറയിലും അരങ്ങിലുമുള്ളത്.
വിദേശ രാജ്യങ്ങളിൽനിന്ന് പ്രക്ഷേപണം ചെയ്യുന്ന റേഡിയോകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ സാങ്കേതിക തികവും വ്യക്തതയും ഉള്ളതോടൊപ്പം, പൂർണമായും ഖത്തർ സംബന്ധമായ വിശേഷങ്ങളും വിനോദവും വിജ്ഞാനവും ഉൾപ്പെടുത്തിയതായിരിക്കും 98.6 മലയാളം എഫ്.എം' പരിപാടികളെന്ന് വൈസ് ചെയർമാൻ കെ.സി.അബ്ദുൽ ലത്തീഫ് അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രോതാക്കൾക്ക് നിരവധി സമ്മാനങ്ങൾ 98.6 എഫ്.എം' ഒരുക്കിയിട്ടുണ്ട് .
പ്രക്ഷേപണം ആരംഭിച്ചത് മുതൽ സന്തോഷം പ്രകടിപ്പിച്ചും ആശംസകൾ നേർന്നും മത്സരങ്ങളിൽ പങ്കെടുത്തുമുള്ള ടെലഫോൺ വിളികളുടെയും എസ്.എം.എസുകളുടെയും പ്രവാഹമായിരുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു. എയർപോർട്ട് റോഡിൽ ടൊയോട്ട ടവറിനും ആൽമീറക്കും ഇടയിൽ മർകസ് അൽമന ബിൽഡിംഗിലാണ് റേഡിയോ ഓഫീസും സ്റ്റുഡിയോകളും പ്രവർത്തിക്കുന്നത്. പരിപാടികൾക്ക് 44433986 എന്ന നമ്പറിലും മറ്റു വിവരങ്ങൾക്ക് 44422986 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അൻവർ ഹുസൈൻ അറിയിച്ചു.