തബൂക്ക്- ശൈത്യകാലം തുടങ്ങിയതോടെ ദൃശ്യഭംഗിയാൽ കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് വടക്കൻ സൗദിയിലെ പ്രസിദ്ധമായ അൽദീസ താഴ്‌വര. ഈത്തപ്പനകളും മരങ്ങളും പാറക്കെട്ടുകളും കുത്തിയൊഴുകുന്ന മഴവെള്ളവും ചേരുന്ന മനോഹരമായ കാഴ്ചകളാൽ സൗദിയിലെത്തുന്ന ടൂറിസ്റ്റുകളുടെ പറുദീസയായി മാറിക്കഴിഞ്ഞു ഈ താഴ്‌വര.
പ്രശസ്ത സൗദി ഫോട്ടോഗ്രഫർ 'മുഹമ്മദ് അൽശരീഫ്' എടുത്ത ഏതാനും ഫോട്ടോകളിലൂടെയാണ് വാദി അൽദീസ വീണ്ടും വാർത്തകളിൽ നിറയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങൾ കണ്ട് ഒട്ടേറെ പേരാണ് ശീതകാലം ചെലവിടാനായി പ്രദേശത്തേക്ക് എത്തുന്നത്.
പ്രശാന്ത സുന്ദരമായ ശുദ്ധവായു നിറഞ്ഞ ഈ പ്രദേശം തബൂക്ക് നഗരത്തിന്റെ തെക്ക് ഭാഗത്തായി 220 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഈത്തപ്പനകൾ, റോസറ്റ് മരങ്ങൾ, തുളസി തുടങ്ങി വിവിധ തരം ചെടികളും മരങ്ങളുമാണ് അൽദീസ താഴ്‌വരയുടെ മുഖ്യ ആകർഷണം. കൂടാതെ 'അയ്‌ന് അൽസർകാഅ് (നീലത്തടാകം) എന്നറിയപ്പെടുന്ന നീരുറവയും വാദി അൽദീസയുടെ മോടി കൂട്ടുന്നു. എന്നാൽ താഴ്‌വരയിലെ വർഷം മുഴുവനും നീണ്ടുനിൽക്കുന്ന മിതശീതോഷ്ണ കാലാവസ്ഥയാണ് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മറ്റൊരു ഘടകം.
ഉൽപാദനത്തിനും പേര് കേട്ട മേഖലയാണ് ഈ താഴ്‌വര. നബക് ചെടികളും സിട്രസ് മരങ്ങളുമാണ് ഈ മേഖലയിലെ പ്രധാന കൃഷി. ജാം നിർമാണത്തിന് ഉപയോഗിക്കുന്ന നബക് ചെടികൾക്കാണ് പ്രദേശത്ത് ആവശ്യക്കാർ കൂടുതൽ. വാഴ, മാമ്പഴം, തക്കാളി, തുളസി, പൊതീന എന്നിവയും ഇവിടുത്തെ പ്രധാന കാർഷിക വിളകളാണ്. 'വാദി അൽഹബക് വാലി', 'ഥിമാർ അൽനബഖ്', 'വാദി ദാമ', 'വാദി ഖറാർ' എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്ന ഈ പ്രദേശത്തിന് പക്ഷേ, എത്ര പേരും മതിയാവില്ലെന്നാണ് ഫോട്ടോഗ്രഫറുടെ അഭിപ്രായം.