റിയാദ് - മുസാനിദ് പോർട്ടലിൽ പരസ്യപ്പെടുത്തിയ റിക്രൂട്ട്‌മെന്റ് നിരക്കുകൾ പാലിക്കാത്ത സ്ഥാപനങ്ങളെ കുറിച്ച് അറിയിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനികളെയും സ്ഥാപനങ്ങളെയും കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടാണ് അറിയിക്കേണ്ടത്. ഏതാനും രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് നൽകുന്നതിന് റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഈടാക്കാവുന്ന കൂടിയ നിരക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. അധിക റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും ഈ നിരക്കുകൾ പാലിക്കുന്നില്ല. ഉപയോക്താക്കളുമായി രഹസ്യമായി പരസ്പര ധാരണയുണ്ടാക്കിയാണ് സ്ഥാപനങ്ങൾ കൂടിയ നിരക്ക് ഈടാക്കുന്നത്. മന്ത്രാലയം നിശ്ചയിച്ച നിരക്കുകൾ പാലിച്ച് തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ച് നൽകുന്നതിന് സാധിക്കുന്നില്ല എന്നാണ് സ്ഥാപന ഉടമകൾ വാദിക്കുന്നത്. അവശേഷിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് ഈടാക്കാവുന്ന കൂടിയ നിരക്കുകളും നിശ്ചയിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മന്ത്രാലയം നിരക്കുകൾ നിശ്ചയിക്കാത്ത രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്തു നൽകുന്നതിന് ഈടാക്കുന്ന നിരക്കുകൾ റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടലിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ നിരക്കുകളും സ്ഥാപനങ്ങൾ പാലിക്കുന്നില്ലെന്ന് പരാതികളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരം സ്ഥാപനങ്ങളെ കുറിച്ച് അറിയിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടത്.
കഴിഞ്ഞ വർഷം 444 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുതുതായി ലൈസൻസ് നൽകിയിരുന്നു. 377 റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കും അഞ്ചു റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും കഴിഞ്ഞ വർഷം ലൈസൻസ് നൽകി. റിക്രൂട്ട്‌മെന്റ് കമ്പനികളുടെ 62 ശാഖകൾക്കും കഴിഞ്ഞ വർഷം മന്ത്രാലയം ലൈസൻസ് നൽകി. പതിനൊന്നു റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് പുതുക്കി നൽകിയില്ല. ഉപയോക്താക്കളുടെ പരാതികൾ വർധിച്ചതിനും ആവർത്തിച്ച് താൽക്കാലിക വിലക്കേർപ്പെടുത്തുന്നതിന് ഇടയാക്കും വിധം നിയമ ലംഘനങ്ങൾ നടത്തിയതിനും മറ്റുമാണ് പതിനൊന്ന് സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാതിരുന്നത്.
ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയും കമ്പനികളുടെയും പേരുവിവരങ്ങൾ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടലിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ലൈസൻസില്ലാത്ത റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായി ഇടപാടുകൾ നടത്തരുതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആശ്യപ്പെട്ടു. നിലവിൽ സൗദിയിൽ ലൈസൻസുള്ള 715 റിക്രൂട്ട്‌മെന്റ് ഓഫീസുകളും 29 കമ്പനികളും 183 ശാഖകളുമുണ്ട്. റിയാദിലാണ് ഏറ്റവും കൂടുതൽ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടെ 349 സ്ഥാപനങ്ങൾക്ക് ലൈസൻസുണ്ട്. ഇതിൽ 311 എണ്ണം റിക്രൂട്ട്‌മെന്റ് ഓഫീസുകളാണ്. രണ്ടാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 157 ഉം മൂന്നാം സ്ഥാനത്തുള്ള മക്കയിൽ 142 ഉം അൽഖസീമിൽ 56 ഉം മദീനയിൽ 54 ഉം അസീറിൽ 42 ഉം തബൂക്കിൽ 26 ഉം ഹായിലിൽ 24 ഉം നജ്‌റാനിൽ 20 ഉം ജിസാനിൽ 18 ഉം അൽജൗഫിൽ 17 ഉം അൽബാഹയിലും ഉത്തര അതിർത്തി പ്രവിശ്യയിലും പതിനഞ്ചു വീതവും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് ലൈസൻസുണ്ട്.