റിയാദ് - ഇസ്‌ലാമിക സേവനത്തിനുള്ള കിംഗ് ഫൈസൽ അന്താരാഷ്ട്ര അവാർഡ് നേടിയ പ്രമുഖ പ്രബോധകൻ സാക്കിർ നായികിനെ അറസ്റ്റ് ചെയ്യില്ലെന്ന് മലേഷ്യ വ്യക്തമാക്കി.
മലേഷ്യയിലെ നിയമങ്ങൾ സാക്കിർ നായിക് ലംഘിച്ചിട്ടില്ല. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് കാരണങ്ങളില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സാക്കിർ നായികിനെ അറസ്റ്റ് ചെയ്ത് കൈമാറുന്നതിന് ഇന്ത്യയിൽനിന്ന് ഔദ്യോഗിക അപേക്ഷ ലഭിച്ചിട്ടില്ല. നിയമാനുസൃതമാണ് സാക്കിർ നായിക് മലേഷ്യയിൽ കഴിയുന്നത്. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും ആഭ്യന്തര മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.
അറസ്റ്റ് ചെയ്യപ്പെടേണ്ട ഒരു പ്രവർത്തനവും സാക്കിർ നായിക് നടത്തുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപോലെ സാക്കിർ നായികിന് മലേഷ്യൻ പൗരത്വം ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഭീകരതയും വിദ്വേഷവും പ്രചരിപ്പിക്കുകയും ഭീകരതക്ക് സാമ്പത്തിക സഹായം നൽകിയെന്നും മറ്റു മതങ്ങളെ അവഹേളിച്ചെന്നും ആരോപിച്ച് സാക്കിർ നായിക്കിനെതിരെ എൻ.ഐ.എ ഇന്ത്യൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.