മക്ക - പതിവിന് വിപരീതമായി ഹണിമൂൺ ട്രിപ്പ് തെരഞ്ഞെടുത്ത് വ്യത്യസ്തരാവുകയാണ് ജർമൻ ദമ്പതികൾ. വിശുദ്ധ ഹറമും മസ്ജിദുന്നബവിയും സന്ദർശിക്കുന്നതിനും ഉംറ കർമം നിർവഹിക്കുന്നതിനും ഇസ്‌ലാമിക ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും ഹണിമൂൺ യാത്ര നീക്കിവെച്ച് ആത്മീയ നിർവൃതിയുടെ പാത ഇരുവരും തെരഞ്ഞെടുക്കുകയായിരുന്നു. മക്ക ടൂറിസം, ദേശീയ പൈതൃക വകുപ്പ് ശാഖയിലെ ടൂർ വിദഗ്ധന്റെ സഹായം മക്കയിലെ കാഴ്ചകൾ കാണുന്നതിന് ഇവർ പ്രയോജനപ്പെടുത്തി.
ഉത്തര ജർമനിയിലെ ബ്രെമൻ നഗരത്തിൽ നിന്നുള്ള ഇരുപത്തിയഞ്ചുകാരനായ ലൂകാസ് റൊട്‌വോക്‌സും ഭാര്യയുമാണ് ഹണിമൂൺ ട്രിപ്പ് ആത്മീയ യാത്രയാക്കി മാറ്റിയത്. മക്ക ലൈബ്രറി, ഗസ്സ, ശഅബ് ആമിർ, ബിഅ്ർ തുവ, അൽമുഅല്ല ഖബർസ്ഥാൻ, ജഅ്ഫരിയ, ജുമൈസ, രീഅ് ദാഖിർ, ജബൽ ഗൈലമ, മിന, മുസ്ദലിഫ, അറഫ, ഹറം എക്‌സിബിഷൻ, കിസ്‌വ ഫാക്ടറി എന്നിവിടങ്ങളെല്ലാം ടൂർ വിദഗ്ധൻ അബ്ദുല്ല അൽഉതൈബിക്കൊപ്പം ദമ്പതികൾ സന്ദർശിച്ചു.