Sorry, you need to enable JavaScript to visit this website.

25 ൽ കുറവ് പ്രായമുള്ള വേലക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ കഴിയില്ല

റിയാദ് - ഇരുപത്തിയഞ്ചിൽ കുറവ് പ്രായമുള്ള ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ പ്ലാറ്റ്‌ഫോം അറിയിച്ചു. അബ്ശിർ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത സൗദി പൗരന്മാർക്കിടയിൽ വേലക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിനുള്ള വ്യവസ്ഥകൾ അബ്ശിർ വ്യക്തമാക്കി. അബ്ശിർ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത സൗദി പൗരന്മാർക്കിടയിൽ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് ഓൺലൈൻ ആയി മാറ്റാവുന്നതാണ്. എന്നാൽ ഛാഢുകാരായ വേലക്കാരുടെ സ്‌പോൺസർഷിപ്പ് ഈ രീതിയിൽ മാറ്റാൻ സാധിക്കില്ല. 


ഓൺലൈൻ വഴിയുള്ള സ്‌പോൺസർഷിപ്പ് മാറ്റ സേവനം പ്രയോജനപ്പെടുത്തുന്നതിന് തൊഴിലുടമയുടെ പേരിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒടുക്കാതെ ബാക്കിയുണ്ടാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ പഴയ തൊഴിലുടമയും പുതിയ തൊഴിലുടമയും ഗാർഹിക തൊഴിലാളിയും ജീവിച്ചിരിക്കുന്നവരും ആകണം. വേലക്കാരുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കുന്ന പുതിയ തൊഴിലുടമ കേസുകളുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകൾക്ക് പിടികിട്ടേണ്ട ആളാകാനും പാടില്ല. സ്‌പോൺസർഷിപ്പ് മാറ്റുന്ന ഗാർഹിക തൊഴിലാളികളുടെ വിരലടയാളവും ഫോട്ടോയും സിസ്റ്റത്തിൽ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 


വിവാഹിതനായ പുരുഷനും വിവാഹമോചിതയായ വനിതക്കും വിധവക്കും പരമാവധി നാലു ഗാർഹിക തൊഴിലാളികളുടെ വരെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാവുന്നതാണ്. അബ്ശിർ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ടുള്ളവർക്കു മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക. ആദ്യത്തെ ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കുന്നതിന് രണ്ടായിരം റിയാലാണ് ഫീസ്. രണ്ടാമത്തെ ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കുന്നതിന് നാലായിരം റിയാലും മൂന്നാമത്തെ വേലക്കാരിയുടെ സ്‌പോൺസർഷിപ്പ് വഹിക്കുന്നതിന് ആറായിരം റിയാലും ഫീസ് നൽകണമെന്നും അബ്ശിർ വ്യക്തമാക്കി. 

Latest News