Sorry, you need to enable JavaScript to visit this website.

വെൽഫെയർ പാർട്ടിയുമായുള്ള  ബന്ധം ഔദ്യോഗികമല്ല -ഉമ്മൻചാണ്ടി

മലപ്പുറം- തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫിനുള്ളത് ഔദ്യോഗിക ബന്ധമല്ലെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി വ്യക്തമാക്കി. മുന്നണിക്ക് പുറത്ത് ഒരു കക്ഷിയുമായും യു.ഡി.എഫിന് ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. 
വെൽഫെയർ പാർട്ടിയെ വിമർശിക്കുന്ന സി.പി.എം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവരുമായി പരസ്യമായി കൂട്ടുകൂടിയതാണ്. അവർക്ക് ആരുമായി കൂട്ടുകൂടാനും മടിയില്ല. യു.ഡി.എഫിന്റെ ബാനറിൽ സഖ്യത്തിന് പുറത്തുനിന്ന് ആരെങ്കിലും വോട്ട് ചോദിക്കുന്നുണ്ടെങ്കിൽ അക്കാര്യത്തിൽ പ്രാദേശിക നേതൃത്വം ഇടപെടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സോളാർ കേസിൽ സത്യം ഓരോന്നും പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. ഏറെ ചർച്ച ചെയ്തതിനാൽ കൂടുതൽ പറയാനില്ല. കോൺഗ്രസ്-ലീഗ് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണ്. ഒന്നുരണ്ടിടങ്ങളിൽ മാത്രമാണ് സൗഹൃദ മത്സരം നടക്കുന്നത്. ഇത് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ല.


തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളും ഫണ്ടും സർക്കാർ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് നടക്കുന്ന അഴിമതികൾക്ക് ജനം മറുപടി നൽകും. സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാവും ഈ തെരഞ്ഞെടുപ്പ്. പല നടപടികളിലും മോദിയും പിണറായി വിജയനും ഒരുപോലെയാണ്. കേരളം പോലൊരു സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്രം തടയുന്ന നിയമം ചർച്ചയില്ലാതെ ഓർഡിനൻസായി കൊണ്ടുവന്നത് കറുത്ത അദ്ധ്യായമാണ്. കാർഷിക മേഖലയെ തകർക്കുന്ന നിയമം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് മോദി സർക്കാർ കാർഷിക ബില്ല് നടപ്പാക്കിയത്. ഉമ്മൻചാണ്ടി പറഞ്ഞു. വി.എസ് സർക്കാരിന്റെ കാലത്ത് 13.9 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ നൽകിയിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അത് 36 ലക്ഷമാക്കി. പെൻഷനുകൾ എല്ലാം വർദ്ധിപ്പിച്ചു. രണ്ട് പെൻഷൻ വാങ്ങിക്കാമോ എന്നത് മാത്രമായിരുന്നു അന്നത്തെ പ്രശ്നം. പാവപ്പെട്ടവർക്ക് രണ്ട് പെൻഷനും വാങ്ങാമെന്ന നിലപാട് സ്വീകരിച്ചു. ഉദാഹരണത്തിന് കർഷക തൊഴിലാളികൾക്ക് അവർ വിഹിതം അടക്കുന്ന പെൻഷനും വാർദ്ധക്യകാല പെൻഷനും വാങ്ങിക്കാൻ അനുമതി നൽകി. എന്നാൽ പാവപ്പെട്ടവർക്കുള്ള രണ്ട് പെൻഷൻ എൽ.ഡി.എഫ് നിർത്താലാക്കി. എം.എൽ.എമാർക്കും എം.പിമാർക്കും എത്ര പെൻഷനും വാങ്ങാമെന്നും പാവപ്പെട്ടവന് പാടില്ലെന്നുമുള്ള നിലപാടാണ് അവരുടേത്. ഉമ്മർചാണ്ടി കുറ്റപ്പെടുത്തി.
ഗെയിൽ പൈപ്പ് ലൈൻ സ്ഥലമേറ്റെടുക്കൽ 80 ശതമാനവും യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പൂർത്തിയാക്കിയത്. ചിലയിടങ്ങളിൽ സ്ഥലമേറ്റെടുപ്പിന് കഴിഞ്ഞിരുന്നില്ല. ഇവിടങ്ങളിൽ സമരത്തിന് സി.പി.എമ്മുമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


അടുത്ത തെരഞ്ഞെടുപ്പിൽ ആര് നയിക്കണമെന്നതൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. ഹൈക്കമാന്റാണ് ഇക്കാര്യം തീരുമാനിക്കുക. കഴിവും ജനസമ്മിതിയുള്ള നേതാക്കന്മാർ കോൺഗ്രസിൽ ധാരാളമുണ്ട്. സ്ഥാനാർഥിയെ കിട്ടാൻ പോലും നെട്ടോട്ടമോടുന്ന സി.പി.എം കോൺഗ്രസിൽ നിന്ന് സീറ്റ് ലഭിക്കാത്തവരെ പിടിക്കാൻ കാത്തുനിൽക്കേണ്ട ഗതികേടിലാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

 

Latest News