കോട്ടയം - സംവരണം 50 ശതമാനമാണെങ്കിലും കോട്ടയത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും ജനറൽ സീറ്റിലും വനിതകൾ മത്സരിക്കുന്നു. വിജയം നേടുകയാണെങ്കിൽ ഭരണ സമിതിയിലും ഭൂരിപക്ഷം വനിതാ പക്ഷത്തിനായിരിക്കും. മുണ്ടക്കയം, കൂട്ടിക്കൽ, വെള്ളാവൂർ, കറുകച്ചാൽ, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, എലിക്കുളം എന്നിവിടങ്ങളിലെല്ലാം മത്‌സര രംഗത്തെ വനിതാ കരുത്തു പ്രകടം.
ജനറൽ സീറ്റായ രണ്ടാം വാർഡ് മുണ്ടക്കയം ടൗൺ ഈസ്റ്റിൽ എൽ.ഡി.എഫിലെ സി.വി. അനിൽ കുമാർ, എൻ.ഡി.എയിലെ കൊച്ചുമോൻ എന്നിവർക്കെതിരേ നിലവിലെ സിറ്റിംഗ് മെംബർ കൂടിയായ നസീമ ഹാരിസാണ് മത്സരിക്കുന്നത്. വരിക്കാനിയിൽ യു.ഡി.എഫിലെ ബെന്നി ചേറ്റുകുഴി, എൻ.ഡി.എയിലെ പി.എസ്. അജയൻ എന്നിവരോട് മത്സരിക്കുന്നത് ജനാധിപത്യ മഹിള അസോസിയേഷൻ ഭാരവാഹി കൂടിയായ റജീന റഫീഖാണ്. വട്ടക്കാവിൽ യു.ഡി.എഫിലെ ടി. പ്രസാദിന് എതിരേ നിലവിലെ മെമ്പറും ജനാധിപത്യ മഹിള അസോസിയേഷൻ ഭാരവാഹി കൂടിയുമായ രേഖാ ദാസാണ് പ്രധാന എതിരാളി. പൈങ്ങനയിൽ ഇടത് സ്ഥാനാർഥി രാജീവ് അലക്‌സാണ്ടർ, യു.ഡി.എഫ്. സ്ഥാനാർഥി ബോബി തോമസ് എന്നിവർക്കെതിരേയാണ് എൻ.ഡി.എ.യിലെ സുമാ രവി മത്സരിക്കുന്നത്.
കൂട്ടിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡായ പറത്താനം ജനറൽ സീറ്റിൽ എൽ.ഡി.എഫിലെ ബീന ഷാലറ്റാണ് കോൺഗ്രസിലെ ജേക്കബ് ചാക്കോ, എൻ.ഡി.എ. യിലെ വിശ്വനാഥൻ എന്നിവർക്കെതിരേ മത്സരിക്കുന്നത്. തേൻപുഴയിൽ യു.ഡി.എഫിലെ ആന്റണി കടപ്ലാക്കൽ, എൽ.ഡി.എഫിലെ പി.എസ്. സജിമോൻ എന്നിവർക്കെതിരേ എൻ.ഡി.എയിലെ രത്‌നമ്മയാണ് മത്സര രംഗത്തുള്ളത്. വെള്ളാവൂർ പഞ്ചായത്ത് പത്താം വാർഡായ ജനറൽ സീറ്റിൽ വനിത എൻ.ഡി.എ സ്ഥാനാർഥി ബിന്ദു മോഹൻദാസ് ആണ്. യു.ഡി.എഫ് സ്ഥാനാർഥി ബിഫാസ് വടക്കേൽ, എൽ.ഡി.എഫ് സ്ഥാനാർഥി ശ്രീജിത എന്നിവരും രംഗത്തുണ്ട്.
കറുകച്ചാലിലെ മൂന്ന് ജനറൽ വാർഡുകളിലാണ് സ്ത്രീകൾ മത്സരിക്കുന്നത്. എട്ടാം വാർഡ് മാമുണ്ട, ഒൻപതാം വാർഡ് നെടുങ്ങാടപ്പള്ളി, 15-ാം വാർഡ് അഞ്ചാനി എന്നിവിടങ്ങളിലാണ് വനിതാ സ്ഥാനാർഥികളുള്ളത്. എട്ടാം വാർഡിൽ മുൻ അംഗമായ ബിന്ദു വിജയാനന്ദാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.