Sorry, you need to enable JavaScript to visit this website.

വനിതാവൽക്കരണം:മക്കയിൽ മുന്നൂറിലേറെ കടകൾ അടച്ചു

മക്ക - വനിതാവൽക്കരണം നടപ്പാക്കുന്നതിന് സാധിക്കാത്തതിനാൽ മക്ക ഉതൈബിയയിൽ മുന്നൂറിലേറെ ലേഡീസ് ഷോപ്പുകൾ ഉടമകൾ അടച്ചു. ഏതാനും സ്ഥാപനങ്ങൾ വനിതാവൽക്കരണം നടപ്പാക്കി. ലേഡീസ് അത്തറുകൾ, പാദരക്ഷകൾ, വാനിറ്റി ബാഗുകൾ, സോക്‌സുകൾ, ലേസീഡ് വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന മുന്നൂറിലേറെ കടകളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പരിശോധനകൾ ആരംഭിച്ചതോടെ ഉടമകൾ അടച്ചത്. 
ആയിരക്കണക്കിന് സ്വദേശി വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന വനിതാവൽക്കരണ തീരുമാനത്തെ നിരവധി സൗദി പൗരന്മാർ സ്വാഗതം ചെയ്തു. വനിതാവൽക്കരണം വനിതാ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്നും ഇവർ പറഞ്ഞു. പുരുഷന്മാർ ജോലി ചെയ്യുന്ന ലേഡീസ് ഷോപ്പുകളിൽ നിന്ന് തങ്ങൾക്ക് ആവശ്യമായ ഉൽപന്നങ്ങൾ തെരഞ്ഞെടുക്കുന്നതിന് വനിതകൾക്ക് പ്രയാസം നേരിട്ടിരുന്നു. വനിതാവൽക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇരുപതിനായിരം റിയാൽ തോതിൽ പിഴ ചുമത്തും. കഴിഞ്ഞ മാസം 21 മുതലാണ് മൂന്നാം ഘട്ട വനിതാവൽക്കരണം നിലവിൽവന്നത്. 
വനിതകൾക്കുള്ള അത്തറുകൾ, വാനിറ്റി ബാഗുകൾ, പാദരക്ഷകൾ, സോക്‌സുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന കടകളിലും സ്റ്റാളുകളിലും വനിതാവൽക്കരണം നടപ്പാക്കൽ നിർബന്ധമാണ്. വ്യത്യസ്ത വിഭാഗങ്ങൾ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ലേഡീസ് റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽക്കുന്ന വിഭാഗങ്ങളും പർദകളും മാക്‌സികളും ലേഡീസ് ആക്‌സസറീസും വിവാഹ വസ്ത്രങ്ങളും മാതൃപരിചരണ ഉൽപന്നങ്ങളും വിൽക്കുന്ന, വേറിട്ട് പ്രവർത്തിക്കുന്ന ചെറുകിട കടകളും ഷോപ്പിംഗ് മാളുകളിൽ ലേഡീസ് ആക്‌സസറീസും കോസ്‌മെറ്റിക്‌സും വിൽക്കുന്ന ഫാർമസികളിലെ വിഭാഗങ്ങളും വനിതാവൽക്കരണത്തിന്റെ പരിധിയിൽ വന്നിട്ടുണ്ട്.
 

Latest News