കാസര്‍കോട്- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ ഉദ്ഘാടന ചടങ്ങിനായി ഉപ്പളയില്‍ തയ്യാറാക്കിയ ജംബോ വേദിക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നേതാക്കള്‍ എത്തിയതോടെ 150 പേര്‍ക്ക് ഇരിപ്പിടം തയ്യറാക്കിയ വേദി നിറഞ്ഞു കവിഞ്ഞു. കസേര കിട്ടാതെ പുറത്തുനില്‍ക്കേണ്ടി വന്നവര്‍ ഏറെയായിരുന്നു. വേദി നിറഞ്ഞപ്പോള്‍ ഒടുവില്‍ എത്തിയ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്കിന് കസേര കൊടുക്കാന്‍ പരക്കം പായേണ്ടിവന്നു. ഒടുവില്‍ സദസില്‍നിന്ന് ഒരു കസേര എത്തിച്ചുവെങ്കിലും ഇത് ഇടാന്‍ സ്ഥലമില്ലാതെ സഘാടകര്‍ പാടുപെട്ടു.
![](http://malayalamnewsdaily.com/sites/default/files/filefield_paths/dsc_3355.jpg)
യു.ഡി.എഫ്. നേതാക്കളുടെ സീറ്റ് കൈയ്യേറ്റം വൈകിട്ട് നാലു മണിക്ക് തന്നെ തുടങ്ങിയിരുന്നു. ഘടകകക്ഷി നേതാക്കളായ അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍, ഷിബു ബേബി ജോണ്‍, സി.പി.ജോണ്‍, എം.എം.ഹസ്സന്‍ വി.പി.തങ്കച്ചന്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലികുട്ടി, കര്‍ണാടക മന്ത്രി യു.ടി.ഖാദര്‍ എന്നിവര്‍ എത്തിയതോടെ മുന്‍നിരയില്‍ കസേര ഇല്ലാതായി. ഇതാടെ സ്റ്റേജിന്റെ മുന്നില്‍ നടന്നു പോകാന്‍ മാറ്റി വെച്ച സ്ഥലത്ത് കുടി ഒരു നിര കസേരയിട്ടാണ് സംഘാടകര്‍ പ്രശ്‌നം പരിഹരിച്ചത്.
തള്ളല്‍ കൂടിയപ്പോള്‍ ഞെരുങ്ങി ഇരിക്കാനും പ്രധാന നേതാക്കള്‍ കഷ്ടപ്പെട്ടു. ജില്ലയിലെ യു.ഡി.എഫിന്റെ മുന്‍നിര നേതാക്കള്‍ പലര്‍ക്കും സദസ്സില്‍ പോലും ഇരിക്കാന്‍ കസേര കിട്ടാതെ ഒടുവില്‍ നിലത്ത് ഇരിക്കേണ്ടി വന്നു. മുന്‍കാലങ്ങളില്‍നിന്ന് അപേക്ഷിച്ച് യു.ഡി.എഫിന്റെ പരിപാടികളില്‍ അണികള്‍ കുറയുന്നുവെന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയായിരുന്നു പടയൊരുക്കം. പ്രവര്‍ത്തകരുടെ ആവേശവും ഇരട്ടിച്ചിരുന്നു.
പടയൊരുക്കത്തില്‍ താരമായ ഉമ്മന്‍ചാണ്ടിയെ ആവേശം മൂത്ത പ്രവര്‍ത്തകര്‍ പൊക്കി എടുത്താണ് വേദിയില്‍ എത്തിച്ചത്. ഇതിനിടയില്‍ അദ്ദേഹത്തിന്റെ കാലിന് പരിക്കേറ്റതായി പി.പി തങ്കച്ചന്‍ പറയുന്നുണ്ടായിരുന്നു.
അതേസമയം യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ ജനതാദള്‍ ( യു ) ശരത് യാദവ് വിഭാഗം പ്രസിഡണ്ട് എം പി വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. അസുഖം കാരണമാണ് വീരേന്ദ്രകുമാര്‍ വരാതിരുന്നത് എന്നായിരുന്നു വിശദീകരണമെങ്കിലും ജെ ഡിയുവിലെ പിളര്‍പ്പിന് ശേഷമുള്ള സാഹചര്യം ശുഭകരമല്ലാത്തത് കൊണ്ടാണ് അദ്ദേഹം വിട്ടുനിന്നത് എന്നാണ് പറയുന്നത്. അതിനിടയില്‍ മുന്നണി മാറ്റ ചര്‍ച്ചകളും ജെ.ഡി.യുവില്‍ നടന്നിരുന്നു. സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് മാത്രമാണ് ജെ.ഡി.യുവിനെ പ്രതിനിധീകരിച്ചു പടയൊരുക്കം പരിപാടിക്ക് എത്തിയത്.