Sorry, you need to enable JavaScript to visit this website.

ഐസകിനെ തള്ളി സി.പി.എം, പരസ്യപ്രസ്താവന അവമതിപ്പിക്കുണ്ടാക്കി

തിരുവനന്തപുരം- കെ.എസ്.എഫ്.ഇയിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസകിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഈ വിഷയത്തിൽ തോമസ് ഐസക് നടത്തിയ പരസ്യപ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രസ്താവന അറിയിച്ചു. വിജിലൻസ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെ.എസ്.എഫ്.ഇ പോലെ മികവാർന്ന സ്ഥാപനത്തിനെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ചിലർ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാൽ, അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
അതേസമയം, വിജിലൻസ് പരിശോധനയുടെ പശ്ചാത്തലത്തിൽ സി.പി.എമ്മിലും സർക്കാരിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയ കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണ്. കെ.എസ്.എഫ്.ഇ യിൽ വിജിലൻസ് നടത്തിയത് സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എൽഡിഎഫ് സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിക്കുന്നത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിൽ നല്ല സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. അതു കൊണ്ടു കൂടിയാണ് നിരന്തരം വിവാദങ്ങൾ സൃഷ്ടിച്ച് ആശയകുഴപ്പമുണ്ടാക്കാൻ കഴിയുമോയെന്ന് പ്രതിപക്ഷവും, ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്, എല്ലാ സീമകളേയും ലംഘിച്ചുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കം ജനം തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടിയിലും സർക്കാരിലും ഭിന്നിപ്പുണ്ട് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്. പാർട്ടിയും, എൽ.ഡി.എഫും ഒറ്റക്കെട്ടാണെന്നത് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്ന പ്രധാന ഘടകമാണ്. ഇത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ട്. അതാണ് ഇപ്പോഴത്തെ പ്രചാരവേലകളിൽ പ്രതിഫലിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ എന്തും വിവാദമാക്കാൻ ശ്രമിക്കുന്നവർ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണ്.
കേരളത്തിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. അതിനെ തകർക്കുന്നതിനായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വെച്ച് യുഡിഎഫും ബിജെപിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
 

Latest News