കൊച്ചി- ഡോളര്‍ കടത്ത് കേസില്‍ കൂടുതല്‍ പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ്. ഇത് സംബന്ധിച്ച് വിദേശങ്ങളിലും അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് കേസിന് പുറമേ വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലും അന്വേഷണം മുറുകുകയാണ്. ഡോളര്‍ കടത്തിലും ശിവശങ്കറിന് പങ്കുണ്ടെന്ന് സ്വപ്ന മൊഴിനല്‍കിയതായി കസ്റ്റംസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പുറമെയാണ്, മുദ്രവെച്ച കവറില്‍ കേസ് സംബന്ധിച്ച നിര്‍ണായക വിവരങ്ങളും നല്‍കിയത്. കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്നങ്ങളുടെയും കസ്റ്റഡി അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കസ്റ്റംസ് സമര്‍പ്പിച്ച കാര്യങ്ങള്‍ കോടതി ചൂണ്ടിക്കാട്ടുന്നത്. ഡോളര്‍ കടത്തു കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ മറ്റു വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു. അതുകൊണ്ട് വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണം. വലിയ രീതിയിലുള്ള ആസൂത്രണം ഇക്കാര്യത്തില്‍ നടന്നിട്ടുണ്ട് . ഉന്നതര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടി കോടതി വ്യക്തമാക്കിയട്ടുണ്ട്. സ്വപ്നയുടെ മൊഴികളെ വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് കോടതി ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്വപ്നയുടെ മൊഴികളില്‍ പരാമര്‍ശിക്കുന്ന ഉന്നത വ്യക്തികളുടെയും വിദേശികളുടെയും പേരുകള്‍ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഈ പേരുകള്‍ ഒഴിവാക്കിയാണ് ഉത്തരവ് പുറത്തുവന്നത്.