കോഴിക്കോട് - ഗെയിൽ വാതക പൈപ്പ്‌ലൈനിനെതിരെ മുക്കത്ത് നടന്നുവരുന്ന സംഘർഷം തുടരുന്നു. ഇന്നലെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നടക്കുന്ന ഹർത്താലിനിടെ വ്യാപകമായ സംഘർഷമാണ് പ്രദേശത്ത് അരങ്ങേറുന്നത്. പോലീസിനെതിരെ പ്രതിഷേധക്കാർ കല്ലെറിയുകയും പോലീസ് തിരിച്ച് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ആളുകളുടെ വീടുകളിൽ കയറിയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. സമരത്തിൽ പങ്കെടുക്കാത്തവരെ പോലും പോലീസ് പിടികൂടുന്നുണ്ട്. സമരത്തിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്നവരുടെ വീടുകൾക്ക് നേരെയും പോലീസ് അതിക്രമം നടത്തുന്നു. എരഞ്ഞിമാവിൽ എൻജിനീയിറിംഗ് വിദ്യാർഥിയെ അറസ്റ്റ് ചെയ്യുന്നതിനായി വീട്ടിൽ കയറിയ പോലീസ് വീടിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു. ഇതിന് പുറമെ, വഴിയേ പോകുന്നവരെയെല്ലാം പോലീസ് പിടികൂടുന്നുണ്ട്. ആളുകളുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുകയും വാട്‌സാപ്പ് മെസേജുകൾ പരിശോധിക്കുകയും ചെയ്യുന്നു. ഗെയിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട മെസേജുകൾ ഫോണിലുണ്ടോ എന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്. ഇത്തരം സന്ദേശങ്ങളുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്.
റോഡുകളിൽ സമരസമിതി പ്രവർത്തകർ ടയർ കൂട്ടിയിട്ട് കത്തിച്ചു. ഇതേതുടർന്ന് മുക്കം സംസ്ഥാന പാതയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. അക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തീവ്രവാദ സ്വഭാവമുള്ളവരാണ് സമരത്തിന് പിന്നിലെന്നുമാണ് പോലീസ് പറയുന്നത്. ഗെയ്ൽ സമരത്തിന്റെ മറവിൽ നടന്നത് സ്‌റ്റേഷൻ ആക്രമണമാണെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സഘടനകളാണെന്നും പൊലീസ് പറയുന്നു. മലപ്പുറത്തെ ചില സംഘടനകളെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറ്റിടങ്ങളിൽനിന്നുള്ളവരാണ് ഇവിടേക്കെത്തി സമരത്തിന് നേതൃത്വം നൽകുന്നത് എന്നാണ് പോലീസ് ഭാഷ്യം. സമീപ പ്രദേശത്തെ വീടുകളിലാണ് സമരക്കാർ ഒളിച്ചിരിക്കുന്നതെന്നും അവരെ പിടികൂടാനുള്ള പരിശോധന തുടരുകായാണെന്നും പോലീസ് പറഞ്ഞു. നെല്ലിക്കാപറമ്പിലെ സ്വകാര്യ ക്വാർട്ടേഴ്‌സിന്റെ ഇരുമ്പുഗേറ്റ് ചവിട്ടിത്തുറന്ന് പോലീസ് അവിടെനിന്നുള്ള ചിലരെ അറസ്റ്റ് ചെയ്തു. നിരപരാധികളാണെന്ന് പറഞ്ഞിട്ടും പോലീസ് നടപടികൾ തുടരുകയാണ്. അതിനിടെ പോലീസിനെ പേടിച്ച് ജനം പരക്കം പായുന്ന കാഴ്ച്ചയമുണ്ട്. പേടിച്ചോടുന്നുവരെ ലക്ഷ്യമിട്ടും പോലീസ് നടപടിയുണ്ട്. സംഘർഷം രൂക്ഷമായതിനെ തുടർന്ന് സാഹചര്യം വിലയിരുത്താനായി ഉത്തര മേഖല എഡിജിപിയുടെ നേതൃത്വത്തിൽ പോലീസ് യോഗം ഇന്ന് ചേരും.
ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സമരമാണ് അക്രമത്തിലേയ്ക്ക് വഴിമാറിയത്. സമരം സംഘർഷത്തിലേയ്ക്ക് മാറിയപ്പോൾ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശുകയായിരുന്നു.
ലാത്തിച്ചാർജിൽ സമരക്കാരും പൊലീസുകാരും മാധ്യമ പ്രവർത്തകരുമടക്കം നിരവധി പേർക്കാണ് പരുക്കേറ്റത്. അതേസമയം, അക്രമത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പങ്കുണ്ടെന്നും പൊലീസ് പറയുന്നു.
സംഘർഷത്തെ തുടർന്ന് അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടന്ന മുക്കം പൊലീസ് സ്‌റ്റേഷൻ മാർച്ചിനിടെയും സംഘർഷം ഉടലെടുത്തിരുന്നു. സംഘർഷം നിയന്ത്രണ വിധേയമാകാതെ വന്നതോടെ പൊലീസ് ഗ്രനേഡും കണ്ണീർവാതക പ്രയോഗവും നടത്തി. കല്ലേറിനിടെ നിരവധി സമരക്കാർക്കും നാല് പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്.
നിർദിഷ്ട കൊച്ചിമംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ എരഞ്ഞിമാവിലാണ് സമരം നടക്കുന്നത്. ഒരു മാസത്തോളമായി നിർത്തിവച്ച ജോലികൾ പുനരാരംഭിക്കുന്നതിനായി ഇന്നലെ രാവിലെ വൻ പോലീസ് സാന്നിധ്യത്തിൽ ഗെയിൽ അധികൃതർ എത്തിയപ്പോൾ സമരക്കാർ തടഞ്ഞിരുന്നു. ഇതും സംഘർഷത്തിലാണ് കലാശിച്ചത്.
മതിയായ നഷ്ടപരിഹാരവും പുനരധിവാസവും സുരക്ഷയും ഉറപ്പുവരുത്താതെയുള്ള ഗെയിൽ പദ്ധതിക്കെതിരെ വൻ ജനരോഷമുയർന്നിരുന്നു. ഗെയിൽ വിരുദ്ധ സമരക്കാർക്ക് നേരെ നടന്നത് സമാനതകളില്ലാത്ത ആക്രമമാണന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് തിരുവമ്പാടി എം.എൽ.എയാണന്നും എം.ഐ ഷാനവാസ് എം.പി പറഞ്ഞു. സംഘർഷ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന്റെ പ്രതിഫലനമാണ് പോലീസ് നടപടി. ഇതിനെ ഒറ്റക്കെട്ടായി എതിർക്കും. അക്രമത്തിന്റെ പാതയിലൂടെ സമരത്തെ തകർക്കാമെന്ന് വിചാരിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നിരപരാധികളെ ആക്രമിച്ചത്. ഭൂമി നഷ്ടപ്പെടുന്ന പാവപ്പെട്ടവനെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികളും സമരപന്തലും തകർക്കുന്നു. ഇതൊരു ജനാധിപത്യ രാജ്യമാണന്നും ഇവിടെ പ്രതിഷേധിക്കാൻ അനുവാദമില്ലേയെന്നും ഷാനവാസ് ചോദിച്ചു. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് തിരുവമ്പാടി മണ്ഡലത്തിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. മുക്കം മുനിസിപ്പാലിറ്റി, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ, കോടഞ്ചേരി, പുതുപ്പാടി എന്നീ പഞ്ചായത്തുകളിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലുമാണ് ഹർത്താൽ.