റിയാദ് - കവർച്ചാ ശ്രമം ചെറുക്കുന്നതിനിടെ റിയാദിൽ കണ്ണൂർ സ്വദേശിക്ക് വെടിയേറ്റു.
റൊട്ടി വാങ്ങാൻ അർധരാത്രി കടയിലേക്ക് പോയി മടങ്ങിവരുന്നതിനിടെയാണ് മലയാളി ഹൗസ് ഡ്രൈവർക്ക് വെടിയേറ്റത്. റിയാദ് ശിഫയിൽ അറഫാത്ത് റോഡിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിക്കാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതനിൽ നിന്ന് വെടിയേറ്റത്. ഇടത് കയ്യിന് സാരമായി പരിക്കേറ്റ ഇദ്ദേഹം ശുമൈസി ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്‌പോൺസറുടെ വീട്ടിൽ ഡ്യൂട്ടി കഴിഞ്ഞ് സുഹൃത്തിന്റെ റൂമിലെത്തിയതായിരുന്നു ഇദ്ദേഹം.
ഇതിനിടെ റൊട്ടി വാങ്ങാൻ സമീപത്തെ കടയിലേക്ക് പോയെങ്കിലും അവിടെ റൊട്ടി ഇല്ലാത്തതിനാൽ അര കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിലെ കടയിലേക്ക് സ്‌കൂട്ടറിൽ പോയി. തിരിച്ചുവരുമ്പോൾ മറ്റൊരാൾ സ്‌കൂട്ടറിൽ ഇദ്ദേഹത്തെ പിന്തുടർന്ന് നിർത്താൻ ആവശ്യപ്പെട്ടു. റോഡ് വിജനമായതിനാലും കവർച്ചക്കാരനാണെന്ന സംശയത്താലും ഇദ്ദേഹം നിർത്തിയില്ല. മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ അയാൾ വെടിവെച്ചെങ്കിലും ലക്ഷ്യം പിഴച്ചു. വീണ്ടും വെടിവെച്ചപ്പോൾ ഇദ്ദേഹത്തിന്റെ ഇടത് കയ്യിന് കൊണ്ടു. ഉടൻ തന്നെ തൊട്ടടുത്ത വീട്ടിലേക്ക് കയറി രക്ഷപ്പെട്ടു. അവിടെയുള്ളവർ പോലീസിനെ അറിയിച്ചു. തുടർന്ന് ആംബുലൻസിൽ ആദ്യം അൽഈമാൻ ആശുപത്രിയിലും പിന്നീട് ശുമൈസി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.