തിരുവനന്തപുരം - സോളാർ വിവാദത്തിൽ കൂടുതൽ സത്യങ്ങൾ ഇനിയും പുറത്തുവരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രണ്ട് ശതമാനം രഹസ്യങ്ങൾ കൂടി വെളിപ്പെടാനുണ്ട്. ചില കാര്യങ്ങൾ ഇനിയും പുറത്തുവരുന്നതോടെ താൻ പൂർണമായും കുറ്റക്കാരനല്ലെന്ന് തെളിയുമെന്നും തിരുവനന്തപുരം കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയിൽ ഉമ്മൻചാണ്ടി പറഞ്ഞു.
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പേടിക്കേണ്ടതില്ലെന്നായിരുന്നു തുടക്കം മുതൽ താൻ സ്വീകരിച്ച നിലപാട്. ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് ബിജു രാധാകൃഷ്ണൻ തന്നോട് പറഞ്ഞ കാര്യങ്ങൾ പുറത്തു വിടാത്തത്. അതൊക്കെ പുറത്തുവരും.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സോളാർ കേസിൽ നടത്താൻ പോകുന്ന അന്വേഷണത്തിൽ കോൺഗ്രസ് നേതാക്കളിൽ അഭിപ്രായ വ്യത്യാസമില്ല. സർക്കാറിന്റെ പണം പോകുന്നതല്ലാതെ അന്വേഷണം കൊണ്ട് വേറെ ഗുണമുണ്ടാകില്ല. ഒരു അന്വേഷണത്തിൽ നിന്ന് അത് മനസിലായതാണെന്നും ഞങ്ങളുടെ ചെലവിൽ അന്വേഷണം വേണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ജോസ് കെ.മാണി പോയത് കൊണ്ട് ബാർകോഴ കേസിൽ യു.ഡി.എഫിന്റെ നിലപാട് മാറിയിട്ടില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
കെ.എസ്.എഫ്.ഇ നല്ല സ്ഥാപനമാണ്. അവിടെ നടന്ന ക്രമക്കേടിനെക്കുറിച്ച് തനിക്കറിയില്ല. വിജിലൻസ് റെയ്ഡ് സംബന്ധിച്ച ആരോപണം സി.പി.എമ്മിനെ ബാധിക്കുന്നതാണ്. വിജിലൻസിന്റെ ചുമതല വഹിച്ചിരുന്ന മുഖ്യമന്ത്രി എന്ന നിലയിൽ ഏതെങ്കിലും സ്ഥാപനത്തിൽ വിജിലൻസ് റെയ്ഡ് നടത്തുമ്പോൾ താനായിരുന്നുവെങ്കിൽ വകുപ്പ് മന്ത്രിയെ അറിയിക്കുമായിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. അത് തന്റെ പ്രവർത്തന ശൈലിയാണെന്നും മറ്റുള്ളവരുടേത് അങ്ങനെയാകണമെന്നില്ലെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.