Sorry, you need to enable JavaScript to visit this website.

 സ്‌നേഹമാണഖിലസാരമൂഴിയിൽ.. …  


സ്‌നേഹമാണഖിലസാരമൂഴിയിൽ
സ്‌നേഹസാരമിഹ സത്യമേകമാം
മോഹനം ഭുവനസംഗമിങ്ങതിൽ
സ്‌നേഹമൂലമമലേ, വെടിഞ്ഞു ഞാൻ

കുമാരനാശാന്റെ നളിനിയിലെ പ്രശസ്തമായ വരികളാണിത്. വിശ്വപ്രേമത്തിന്റെ അത്യുദാത്തമായ സങ്കൽപത്തെയാണ് അദ്ദേഹം അനുവാചകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ലോകം മുഴുവൻ അടക്കി ഭരിക്കുന്ന വികാരമാണത്. 
 
സ്‌നേഹമാണ് എല്ലാവിധ ബന്ധങ്ങളേയും ചേർത്തിണക്കി നിർത്തുന്നത്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ഏറ്റവും വലിയ വിജയമന്ത്രം നിരപാധികമായ സ്‌നേഹമാണെന്ന കാര്യമാണ് ഇവിടെ ഊന്നിപ്പറയുവാൻ ഉദ്ദേശിക്കുന്നത്.  

കുടുംബ ബന്ധങ്ങളെ, ദാമ്പത്യ ബന്ധങ്ങളെ, സാഹോദര്യ ബന്ധങ്ങളെ, മത-സാമുദായിക ബന്ധങ്ങളെ, വ്യക്തി-സുഹൃദ്ബന്ധങ്ങളെ, ബിസിനസ് ബന്ധങ്ങളെ, എല്ലാം കോർത്തിണക്കി നിർത്തുന്നത് സ്‌നേഹമാണ്. ആ സ്‌നേഹത്തിനും വിശ്വാസത്തിനും കോട്ടം സംഭവിക്കുമ്പോൾ സ്‌നേഹത്തിന്റെയും സത്യത്തിന്റെയും സ്ഥാനത്തു അനലഭിലഷണീയമായ സ്വഭാവങ്ങൾ കടന്നുവരികയും ബന്ധങ്ങളിൽ വിള്ളലുകളുണ്ടാവുകയും ചെയ്യും. ഫലമോ  ഒരിക്കൽ സ്‌നേഹത്താൽ ബന്ധിക്കപ്പെട്ടിരുന്ന ബന്ധങ്ങൾ വരെ   ബന്ധനമായി തീർന്നേക്കും. പിന്നീടുള്ള നമ്മുടെ ഊർജവും മനസ്സും ജീവിതവും ആ ബന്ധനങ്ങളിൽ നിന്ന് മുക്തി നേടുവാനുള്ള  നെട്ടോട്ടമായി മാറുകയും ജീവിതം ദുസ്സഹമായി  പരാജയപ്പെടുകയും ചെയ്യും.  സ്‌നേഹം വേണ്ട രൂപത്തിൽ പരിപാലിച്ച് വളർത്തി വലുതാക്കുകയും സജീവമാക്കി നിലനിർത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ജീവിതം സുദൃഢവും കെട്ടുറപ്പുള്ളതുമാവുകയുള്ളൂ. സ്‌നേഹമൂട്ടിയ ജീവിതമാണ് മനോഹരമായ ഫലങ്ങളാൽ ഈ ലോകത്തെ തന്നെ അലങ്കരിക്കുന്നത്. 

യഥാർഥത്തിൽ എല്ലാവരുടെയും ഉള്ളിൽ സ്‌നേഹമുണ്ട്. പക്ഷേ പലപ്പോഴും അത് പ്രകടിപ്പിക്കണമെന്ന കാര്യം നാം ഓർക്കാറില്ല. പ്രകടിപ്പിക്കാത്ത സ്‌നേഹം കല്ലിനുള്ളിലെ തേൻ പോലെയാണ്. അതിന്റെ മാധുര്യം നമുക്ക് രുചിക്കാൻ കഴിയില്ല. നമുക്കാർക്കും പരസ്പരം ഹൃദയത്തിലുള്ളത്  അറിയാൻ കഴിയാത്ത സ്ഥിതിക്ക് സ്‌നേഹം ഉള്ളിൽ വെച്ചുകൊണ്ടിരുന്നാൽ മാത്രം പോരാ. നിരന്തരം സ്‌നേഹം തുറന്നു പറഞ്ഞും പ്രകടിപ്പിച്ചുമാണ് ജീവിതം ഊഷ്മളമാക്കേണ്ടത്. 

സ്‌നേഹിക്കുക മാത്രമല്ല, സ്‌നേഹം പ്രകടിപ്പിക്കുക എന്നതും വളരെ പ്രധാനമാണ്.  പ്രകടിപ്പിക്കാത്ത സ്‌നേഹം, കഴിക്കാത്ത ഭക്ഷണം, ചെലവാക്കാത്ത ധനം ഇവയെല്ലാം ഒരുപോലെ ഉപകാരമില്ലാത്തവയാണ്. അവ അർഹർക്ക് നൽകിയാൽ പതിന്മടങ്ങായി തിരികെ ലഭിക്കും. 

സ്‌നേഹത്തെക്കുറിച്ച് മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരിയായിരുന്ന കമല സുരയ്യ പറഞ്ഞ ഒരു വാചകം ഇവിടെ പ്രസക്തമാണ്. എനിക്ക് സ്‌നേഹം വേണം. അത് പ്രകടമായി തന്നെ കിട്ടണം. ഉള്ളിൽ സ്‌നേഹമുണ്ട്. പക്ഷേ പ്രകടിപ്പിക്കാനാവില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ശവകുടീരത്തിൽ വന്നു പൂവിട്ടാൽ ഞാനറിയുമോ എന്നാണ് അവർ ചോദിച്ചത്. 

പ്രകടിപ്പിക്കാത്ത സ്‌നേഹം പിശുക്കന്റെ കൈയിലെ നാണയ തുട്ടുകൾ പോലെ തികച്ചും ഉപയോഗശൂന്യമാണ്. അതുകൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല.  പലപ്പോഴും നമ്മളിൽ പലരും സ്‌നേഹം മാത്രമല്ല പല നല്ല വികാരങ്ങളും പ്രകടിപ്പിക്കാൻ മടിക്കുന്നു. സ്വന്തം കുഞ്ഞുങ്ങളോടു പോലും, വഷളാകുമെന്ന് പറഞ്ഞ് സ്‌നേഹം പ്രകടിപ്പിക്കാത്ത മാതാപിതാക്കളെ നമുക്ക് ചുറ്റും കാണാം. കുട്ടികൾ അർഹിക്കുന്ന സ്‌നേഹം മാതാപിതാക്കളിൽ നിന്നും അവർക്ക് ലഭിക്കാതെ വരുമ്പോൾ അവർ അത് ലഭിക്കുന്ന വഴികൾ തേടി പോവുകയും പലപ്പോഴും അപകടങ്ങളിൽ ചെന്നുചാടുകയും ചെയ്യും. ഇത് കുട്ടികൾക്കെന്ന പോലെ മുതിർന്നവർക്കും ബാധകമാണ് .   ജീവിതം സ്‌നേഹം കൊണ്ട് ധന്യമാക്കുന്നവരാണ് ശരിയായ വിജയികൾ. സ്‌നേഹമാണ് സുപ്രധാനമായ വിജയ മന്ത്രം എന്ന് നാം തിരിച്ചറിയുക. 

വീട്ടുകാരോടും കൂട്ടുകാരോടും ബന്ധുക്കളോടും സ്വന്തക്കാരോടുമൊക്കെ  വാക്കിലും നോക്കിലും പ്രവൃത്തികളിലും ഒളിച്ചു പിടിക്കാത്ത സ്‌നേഹം ജീവിത ശൈലിയാക്കുമ്പോഴാണ്  ജീവിതം മനോഹരമാകുന്നത്. സ്‌നേഹത്തിന്റെ മാലാഖമാരായി   മുഖംമൂടികളില്ലാതെ ജീവിക്കാൻ നാം തയാറാകുമ്പോഴാണ് ജീവിതം നമ്മോടൊപ്പം പുഞ്ചിരിക്കുക. 

അങ്ങനെ പുഞ്ചിരിച്ചും പുഞ്ചിരി പരത്തിയും  വിനയത്തോടെ പെരുമാറിയും പരസ്പരം മനസ്സിലാക്കിയും ജീവിത നൗക തുഴയുമ്പോൾ സ്‌നേഹവും വളർന്നു പന്തലിക്കും. തണലായി തലോടലായി ജീവിതത്തിന്റെ ഓജസ്സും തേജസ്സുമായി സ്‌നേഹം മാറുന്നിടത്താണ് വിജയവും സന്തോഷവും നിലനിൽക്കുക.    പരസ്പരം അഭിവാദ്യങ്ങളർപ്പിച്ചും പ്രാർഥിച്ചും ആശംസകൾള നേർന്നുമൊക്കെ സ്‌നേഹം വളർത്താമെന്നാണ് മഹത്തുക്കൾ നൽകുന്ന ഉപദേശം. 

ഒരിക്കൽ ഒരു സന്ന്യാസി ഒരു ജയിൽ സന്ദർശിച്ചു. അവിടെയുണ്ടായിരുന്ന ജയിൽപുള്ളികളുമായി അദ്ദേഹം സൗഹാർദം പങ്കുെവച്ചു.......കൗമാര പ്രായക്കാരനായ ഒരു കുട്ടിയും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവന് സംഭവിച്ച വിധിയെക്കുറിച്ചോർത്ത് അദ്ദേഹത്തിന്റെ ഹൃദയം ആർദ്രമായി. അദ്ദേഹം അവന്റെ സമീപത്തു ചെന്ന് തോളിൽ സ്‌നേഹപൂർവം െൈകവെച്ച് പുറത്ത് തലോടിക്കൊണ്ട് ചോദിച്ചു, ''എന്റെ കുട്ടീ, ഈ കുറ്റവാളികളുടെ കൂട്ടത്തിൽ നീ എങ്ങനെ വന്നുപെട്ടു?''അവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, ''എന്റെ ചെറുപ്പത്തിൽ ആരെങ്കിലും ഇങ്ങനെ എന്റെ തോളത്ത് സ്‌നേഹപൂർവം ഒരു കൈവയ്ക്കാനുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ എത്തുമായിരുന്നില്ല.'. 

ജീവിതത്തിൽ തല്ലാനും തലോടാനും തിരുത്താനും നേരെയാക്കാനുമൊക്കെ ആളുണ്ടാവുകയെന്നത് മഹാഭാഗ്യമാണ്. ഓരോ പ്രായത്തിലും ഓരോരുത്തരുമാഗ്രഹിക്കുന്ന സ്‌നേഹം കൊടുക്കാൻ കഴിയുമ്പോൾ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലുമൊക്കെ വലിയ മാറ്റമാണ് സംഭവിക്കുക. അത്തരം ചലനങ്ങളാണ് പല ജീവിതങ്ങളുടേയും ഗതി നിർണയിക്കുന്നത്. 

സ്‌നേഹം ഹൃദയത്തിൽ ഒളിപ്പിച്ചുവെയ്ക്കാനുള്ളതല്ല, വാക്കിലും നോക്കിലും പ്രവൃത്തിയിലും പ്രകാശിപ്പിക്കാനുള്ളതാണ്. സ്‌നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനേക്കാൾ സന്തോഷം നൽകുന്ന ധനം. നമ്മുടെ കൈയിലിരുന്നിട്ടും നമ്മൾ കാണാതെ പോകുന്ന ധനമാണത്.  അതിനാൽ നമ്മുടെ ഉള്ളിലെ സ്‌നേഹത്തെ നമുക്കുണർത്താം. നമ്മുടെ ഓരോ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ചലനത്തിലൂടെയും അത് ലോകത്ത് പ്രകടമാകട്ടെ. സ്‌നേഹ മസൃണമായ അന്തരീക്ഷം സമൂഹത്തിന്റെ ക്രിയാത്മകതയും രചനാത്മകതയും വർധിക്കുകയും സമഗ്രമായ വളർച്ചാവികാസത്തിന് വഴിയൊരുക്കുകയും ചെയ്യട്ടെ.   

ജീവിതം ജീവിക്കാനുള്ളതാണ്, ആരെയും ബോധ്യപ്പെടുത്താനുള്ളതല്ല. അതിനാൽ മറ്റുള്ളവർ എന്തു വിചാരിച്ചാലും പ്രവർത്തിച്ചാലും നമ്മുടെ സ്‌നേഹത്തിനോ പെരുമാറ്റത്തിനോ കളങ്കമുണ്ടാവാൻ പാടില്ല. 
ഒരളവിൽ കൂടുതൽ മറ്റുള്ളവരുടെ ചിന്താഗതികളെ ഓർത്തു നീങ്ങാൻ തുടങ്ങിയാൽ അത് അഭിനയമാകും. ജീവിതത്തിൽ അഭിനയിക്കണമോ അതോ ജീവിക്കണമോ എന്നത് നമ്മുടെ ഓരോരുത്തരുടേയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്.


എല്ലാവരേയും സ്‌നേഹിക്കുക, ആരെയും വെറുക്കാതിരിക്കുക എന്നത് മഹത്തായ ഒരാശയമാണ്. ഹീ്‌ല മഹഹ, വമലേ ിീില. പക്ഷേ പ്രായോഗിക തലത്തിൽ ഇത് പൂർണമായും അംഗീകരിക്കാനാവില്ല.  നേരും നെറിയുമുള്ളവരെ സ്‌നേഹിക്കുകയും നെറികേടു കാണിക്കുന്നവരെ വെറുക്കുകയും ചെയ്യുന്നവരാണ് അധികവും. സ്‌നേഹം കൊണ്ട് മനസ്സുകൾ കീഴ്‌പ്പെടുത്തിയാൽ ആരെയും നേരെയാക്കാനാകുമെന്നാണ് ഗുരുക്കന്മാർ നൽകുന്ന ഉപദേശം.  തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുമ്പോൾ കൊടിയ ശത്രുവിനെ പോലും ആത്മമിത്രമാക്കാനാകുമെന്നും വേദങ്ങൾ പഠിപ്പിക്കുന്നു. 

സ്‌നേഹം നഷ്ടപ്പെടുമ്പോൾ നാം സ്വപ്നത്തിൽ പോലും ചിന്തിക്കാത്തതും പ്രതീക്ഷിക്കാത്തതും സംഭവിച്ചെന്നിരിക്കും. മുൻപോട്ടുള്ള കാര്യങ്ങളെ വ്യത്യസ്തമായി കാണുവാനും ധീരമായ തീരുമാനങ്ങളെടുക്കുവാനും അവ നമ്മെ അശക്തരാക്കും. കഴിഞ്ഞതോർത്തു വിലപിച്ചുകൊണ്ടിരിക്കാതെ മുറിവേറ്റ മനസ്സിനെ ആശ്വസിപ്പിച്ച്, ശക്തിപ്പെടുത്തി ഛിന്നഭിന്നമായ സ്വപ്ന കഷ്ണങ്ങളെ പെറുക്കിയടുക്കി മുൻപോട്ടു പോകുവാൻ സാധിക്കുമ്പോഴാണ് നമുക്ക് വളർച്ച സാധ്യമാവുക. 

അത്യാഗ്രഹത്താൽ ലോകം വെട്ടിപ്പിടിക്കുവാനുള്ള അശ്വമേധത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്ന മനുഷ്യന്റെ തിരക്കുപിടിച്ച യാത്രയിൽ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന അപകടകരമായ സ്വഭാവമാണ് സ്‌നേഹം പ്രകടിപ്പിക്കാതിരിക്കുകയെന്നത്. ഇത് ജീവിത വിജയത്തിന്റെ ശോഭ കെടുത്തുകയും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും അസ്വാരസ്യങ്ങൾക്ക് കാരണമാവുകയും ചെയ്യും. എന്നാൽ സ്‌നേഹ സമ്പന്നമായ കുടുംബാന്തരീക്ഷത്തിൽ കഴിയുന്നവർ വിഷയങ്ങളെ സമാധാനപരമായി നോക്കിക്കാണുകയും വിവേകപൂർവമായ നയനിലപാടുകളോടെ ജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യും. ആ സന്തോഷവും സമാധാനാന്തരീക്ഷവുമാണ് അവരുടെ വിജയ പാതയൊരുക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത്. 


 

Latest News