Sorry, you need to enable JavaScript to visit this website.

കർഷക രോഷത്തിന്റെ കൊടുങ്കാറ്റ്


തൊഴിലാളികളും കർഷകരും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത് രാജ്യം മഹാത്മാഗാന്ധിയുടെ ജയന്തി കൊണ്ടാടുന്ന ഒക്ടോബർ രണ്ടിനായിരുന്നു. പണിമുടക്കാഹ്വാനം രാഷ്ട്രീയ കെട്ടുപാടുകൾക്കതീതമായി വർഗപരമായ പാകത വെളിപ്പെടുത്തുന്നതായിരുന്നു. ജനദ്രോഹ, തൊഴിലാളി കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സ്വയമേവയായി രൂപപ്പെട്ട പോരാട്ടത്തിൽ ഗ്രാമീണ മേഖലയിൽ നിന്നും കർഷകരും അണിനിരന്നു. അനീതിക്കും ജന വിരുദ്ധതയ്ക്കുമെതിരായ കേന്ദ്ര ട്രേഡ് യൂനിയനുകളുടെയും കർഷക സംഘടനകളുടെയും പോരാട്ടാഹ്വാനം നൂറ്റാണ്ടു മുമ്പ് ആരംഭിച്ച സമര പരമ്പരയിലെ തുടർക്കണ്ണിയാണ്.


അധ്വാനിക്കുന്ന ജനസമൂഹം അവർ സ്വംശീകരിച്ചിരിക്കുന്ന പൈതൃകത്തെ ഒറ്റുകൊടുക്കുന്നവരല്ല. പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും കൂടുതൽ ശക്തിയോടെ അവർ തുടരും. ഗിർനി കാംഗാർ യൂനിയൻ 1928 ൽ സംഘടിപ്പിച്ച തുണി മിൽ തൊഴിലാളികളെ ഒത്തൊരുമിപ്പിക്കാനും അവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ നേടിക്കൊടുക്കുവാനും നടത്തിയ പ്രക്ഷോഭം ജ്വലിക്കുന്ന ഉദാഹരണമാണ്. 70,000 ത്തോളം വരുന്ന തുണിമിൽ തൊഴിലാളികൾ ഗിർനി കാംഗാർ യൂനിയന്റെ നേതൃത്വത്തിൽ ആറു മാസത്തോളം നീണ്ട പണിമുടക്ക് സമരമാണ് നടത്തിയത്. ദീർഘമായ സമര ദിനങ്ങളിൽ നിത്യേന പൊതുയോഗങ്ങൾ ചേർന്നു തുടർന്ന ചർച്ചകളും നടന്നു. പ്രമുഖരായ ട്രേഡ് യൂനിയൻ നേതാക്കളുടെ പ്രഭാഷണ പരമ്പരകൾ ആവേശമായി. ഇതേ തൊഴിലാളികളാണ് ഒരു ദശാബ്ദം പിന്നിട്ടപ്പോൾ ഫാസിസ്റ്റ് വിരുദ്ധ പ്രകടനത്തിലൂടെ മുംബൈയുടെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചത്. അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന് എപ്പോൾ ഉണരണമെന്നും പ്രക്ഷോഭത്തിലേക്ക് എപ്പോൾ ഉയരണമെന്നും എന്തു സംരക്ഷിക്കണമെന്നും വ്യക്തതയുള്ളവരാണ്. സാമ്പത്തിക മൂലധനം പ്രബലപ്പെട്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ അവർ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.


ജി.ഡി.പി നിരക്ക് 24 ശതമാനത്തിലേക്ക് ഇടിഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നു. ഉൽപാദനം നാമമാത്രം, നിക്ഷേപങ്ങൾ നിലച്ചു, ചെറുകിട സൂക്ഷ്മ സംരംഭങ്ങളുടെ വേരുകൾ രാജ്യത്തിന്റെ അരക്ഷിതമായ സാമ്പത്തിക ഭൂമികയിൽ ഉണങ്ങി ഇല്ലാതായിരിക്കുന്നു. കുറഞ്ഞ കൂലി, തൊഴിൽ, വിദ്യാഭ്യാസം ആരോഗ്യ പരിരക്ഷ എന്നിവക്കായുള്ള മുറവിളി ക്രൂരമായി നിരസിക്കപ്പെടുന്നു. തൊഴിലവസരങ്ങൾ മുമ്പില്ലാത്ത വിധം ഇല്ലാതായിരിക്കുന്നു. എന്നാൽ പട്ടിണിയുടെയും കൊടിയ ദാരിദ്ര്യത്തിന്റെയും മധ്യത്തിലും വിശദീകരിക്കാനാകാത്ത വിധം മുകേഷ് അംബാനിയുടെ ലാഭം വർധിക്കുന്നു. ലോകത്തിലെ സമ്പന്നരിൽ ആദ്യ പട്ടികയിലുൾപ്പെടുന്ന അംബാനിയുടെ ലാഭം ലോക്ഡൗൺ കാലത്തും 34 ശതമാനമായി ഉയർന്നു. ഇക്കാലയളവിൽ തന്നെയാണ് അസംഖ്യം കുടിയേറ്റ തൊഴിലാളികൾ തൊഴിൽ രഹിതരായി തങ്ങളുടെ ഗ്രാമങ്ങളിലേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്നുപോയത്. അവിടെയും അവരെ കാത്തിരുന്നത് ദുരിതങ്ങളായിരുന്നു. തങ്ങളെ ചൂഴ്ന്നിരിക്കുന്ന ദൂഷിത വലയം അവർക്ക് ബോധ്യപ്പെട്ടു. ഗ്രാമങ്ങളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ തൊഴിൽ ഇല്ല. തൊഴിലവസരങ്ങൾ ശേഷിക്കുന്നയിടങ്ങളിലാകട്ടെ, നിലനിൽപിനാവശ്യമായ കൂലിയും ഇല്ല. പോരാട്ടങ്ങളുടെ ഫലങ്ങൾ തിരിച്ചെടുത്തിരിക്കുന്നു. വേതനവുമായി ബന്ധപ്പെട്ടും തൊഴിൽ നിയമങ്ങളിലും ഭേദഗതി വരുത്തിയിരിക്കുന്നു. ഉള്ള തൊഴിലിന് തുടർച്ചയില്ലാതായിരിക്കുന്നു, സുരക്ഷയും അനിവാര്യമായത് നവംബർ 21 ന് സംഭവിച്ചു.


തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുള്ള കരട് നിയമങ്ങൾ പ്രസിദ്ധീകരിച്ചു. ഇതാകട്ടെ 2020 സെപ്റ്റംബറിൽ പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങൾ ആരും ഇല്ലാതിരുന്ന സാഹചര്യത്തിൽ ജനാധിപത്യ വിരുദ്ധമായി വിരിയിച്ചെടുക്കുകയായിരുന്നു. തുടർന്നു നടന്ന 45 ദിന കൂടിയാലോചന മറ്റൊരു തട്ടിപ്പായി മാറി. 12 മണിക്കൂർ തൊഴിൽ സമയം ഉയർത്താനുള്ള സർക്കാരിന്റെ ധാർഷ്ട്യം എ.ഐ.ടി.യു.സിയെ ഞെട്ടിച്ചു. ഗുജറാത്തിലെ ബി.ജെ.പി സർക്കാരിന്റെ സമാനമായ നടപടി സുപ്രീം കോടതി തിരസ്‌കരിച്ചിരുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ പ്രഥമ ഉടമ്പടിയുടെ ലംഘനമാണ് അത്. ഈ പ്രതിലോമ നടപടികളിലെല്ലാം തൊഴിലാളികളെ പണിമുടക്ക് തീക്ഷ്ണമാക്കാൻ പ്രേരിപ്പിച്ചു. തീക്ഷ്ണ പോരാട്ടങ്ങളുടെ നൂറ്റാണ്ടു നീണ്ട ചരിത്രമുള്ള എ.ഐ.ടിയു.സി 12 മണിക്കൂർ തൊഴിൽ സമയം റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നവംബർ 26 ന്റെ ദേശീയ പണിമുടക്ക് ചരിത്ര ഏടുകളിൽ ഇടം പിടിക്കുകയാണ്.


തൊഴിലാളികൾ ധീരമായ പോരാട്ടത്തിനാണ് തുടക്കം കുറിച്ചത്. കൊടും തണുപ്പിനെയും അതിക്രമങ്ങളെയും വകവെക്കാതെ അഭൂതപൂർവമായ ഐക്യത്തോടെയുള്ള മുന്നേറ്റമായിരുന്നു അത്. കഠിനമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ മൂന്നു നിയമങ്ങളിലൂടെ കവർന്ന കേന്ദ്രം കർഷകരെ തെരുവിലിറക്കാൻ നിർബന്ധിതരാക്കി. കാർഷിക ബില്ലുകൾ സകല ജനാധിപത്യ ക്രമങ്ങളെയും ലംഘിച്ചാണ് കേന്ദ്രം പാസാക്കിയെടുത്തത്. വോട്ടെടുപ്പ് നിഷേധിച്ച് ശബ്ദവോട്ടിന്റെ പിൻബലത്തിലാണ് ബില്ലുകൾ പാസാക്കിയത്. ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് (പ്രൊമോഷൻ ആന്റ് ഫെസിലിറ്റേഷൻ) ബിൽ 2020, ഫാർമേഴ്‌സ് (എംപവർമെന്റ് ആന്റ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓഫ് പ്രൈസസ് അഷ്വറൻസ് ആന്റ് ഫാം സർവീസസ് ബിൽ 2020, അവശ്യ ചരക്ക് നിയമം ഭേദഗതി 2020 എന്നിവയാണ് ജനാധിപത്യ വിരുദ്ധമായി പാസാക്കിയത്. കൃഷിക്കാരുടെയും അധ്വാനിക്കുന്നവരുടെയും പ്രതിഷേധക്കൊടുങ്കാറ്റിനു മുന്നിൽ മോഡി ഭരണകൂടം ആടിയുലയുക തന്നെ ചെയ്യും. 


 

Latest News