തിരുവനന്തപുരം- കെ.എസ്.എഫ്.ഇയിൽ നടന്ന റെയ്ഡിലെ റിപ്പോർട്ട് ഉടൻ സമർപ്പിക്കില്ലെന്നും കൂടിയാലോചനകൾക്ക് ശേഷം മതിയെന്നും വിജിലൻസ്. വിജിലൻസ് റെയ്ഡിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നിലപാട് മാറ്റിയത്. രാഷ്ട്രീയ എതിരാളികൾക്ക് സർക്കാറിനെ വിമർശിക്കാനുള്ള ആയുധം നൽകിയെന്ന് സി.പി.എമ്മിൽനിന്ന് തന്നെ വിമർശനം ഉയർന്നതോടെയാണ് വിജിലൻസിന്റെ തീരുമാനം മാറ്റിയത്. റെയ്ഡ് വിവരങ്ങൾ പുറത്തുവിടരുതെന്നും കർശന നിർദ്ദേശം നൽകി. നിലവിൽ അവധിയിലുള്ള സുദേഷ് കുമാറിനോട് ഉടൻ തിരിച്ചെത്താനും നിർദ്ദേശം നൽകി. ഡയറക്ടർ അവധിയിൽ പോയപ്പോൾ ഐ.ജി.എച്ച് വെങ്കിടേഷിനായിരുന്നു ചുമതല. കെ.എസ്.എഫ്.ഇ റെയ്ഡിനെതിരെ മന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരുന്നു. റെയ്ഡ് ആരുടെ വട്ടാണ് എന്നറിയില്ലെന്നായിരുന്നു ഐസകിന്‍റെ വിമര്‍ശനം.