Sorry, you need to enable JavaScript to visit this website.

പ്രതിഷേധ ജ്വാലയിൽ ഉറങ്ങാതെ മുക്കം

കോഴിക്കോട് - ഗെയിൽ വാതക പൈപ്പ്‌ലൈനിനെതിരെ മുക്കത്ത് നടന്നുവരുന്ന സംഘർഷം രാത്രിയും തുടരുന്നു. പോലീസിന് പുറമെ അർധസൈനിക വിഭാഗം കൂടി രംഗത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നു. വീടുകളിലേക്ക് ഓടിക്കയറിയാണ് പോലീസ് അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോകുന്നത്. അതിനിടെ കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയത് സംഘർഷത്തിൽ കലാശിച്ചു. ലാത്തിച്ചാർജിൽ നിരവധി സമരക്കാർക്ക് പരിക്കേറ്റു.
പോലീസ് സ്റ്റേഷനു മുന്നിലും പുറത്തുമായി നിരവധി സമരക്കാരാണ് ഇന്നലെ ഉച്ചമുതൽ തടിച്ചുകൂടിയിരുന്നത്. ആൾക്കൂട്ടത്തിനിടയിലൂടെ പോലീസ് വാഹനങ്ങൾ കടന്നുപോകാൻ ശ്രമിച്ചപ്പോൾ സമരക്കാർ തടയാൻ ശ്രമിച്ചത് പോലീസ് നടപടിക്ക് ഇടയാക്കി. സംഘർഷം കനത്തതോടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. സമരക്കാർ പോലീസിനു നേരെ കല്ലേറും നടത്തി. കല്ലേറിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ഏഷാനെറ്റ് റിപ്പോർട്ടർ ശ്യാം കൃഷ്ണൻ, മാതൃഭൂമി ക്യാമാറാമൻ വിജേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇത്കൂടാതെ സമരക്കാരായ അനേകം പേർക്കും പോലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് രാത്രിയിലും സംഘർഷം നിലനിൽക്കുകയാണ്.
നിർദിഷ്ട കൊച്ചിമംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ എരഞ്ഞിമാവിലാണ് സമരം നടക്കുന്നത്. ഒരു മാസത്തോളമായി നിർത്തിവച്ച ജോലികൾ പുനരാരംഭിക്കുന്നതിനായി ഇന്നലെ രാവിലെ വൻ പോലീസ് സാന്നിധ്യത്തിൽ ഗെയിൽ അധികൃതർ എത്തിയപ്പോൾ സമരക്കാർ തടഞ്ഞിരുന്നു. ഇതും സംഘർഷത്തിലാണ് കലാശിച്ചത്. 

ഗെയിലിന്റെ വാഹനത്തിന് നേരെ സമരക്കാർക്കിടയിൽ നിന്ന് കല്ലേറുണ്ടായതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തുടർന്ന് പോലീസ് ലാത്തിവീശി സമരക്കാരെ ഓടിക്കുകയായിരുന്നു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രദേശത്തെ സമരപ്പന്തലും പോലീസ് പൊളിച്ചു മാറ്റി. വീടുകളിൽ കയറിയും പോലീസ് സമരക്കാരെ അടിച്ചു. നിരവധി പേരെ പിടികൂടുകയും ചെയ്തു. 
അതിനിടെ, സമരക്കാരെ ഓടിച്ച് വിട്ട് പൈപ്പ് ലൈൻ പ്രവൃത്തി തുടങ്ങാൻ ശ്രമം നടന്നങ്കിലും പദ്ധതി പ്രദേശത്ത് നിർത്തിയിട്ടിരുന്ന ഗെയിലിന്റെ രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ പൂർണ്ണമായും നശിപ്പിപ്പിച്ചതിനാൽ പ്രവൃത്തി നടത്താനായില്ല. പുതിയ യന്ത്രം സ്ഥലത്തെത്തിച്ചെങ്കിലും തലേ ദിവസം പെയ്ത മഴയിൽ സ്ഥലത്ത് വെള്ളവും ചെളിയും നിറഞ്ഞതിനാൽ പ്രവൃത്തി നടന്നില്ല.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മൊയ്തീൻ കുട്ടി, താമരശ്ശേരി ഡിവൈ.എസ്.പി സജീവൻ, മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, സി.ഐമാരായ ടി.എ അഗസ്റ്റിൻ, എൻ ബിശ്വാസ്, ഹനീഫ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് സമരക്കാരെ നേരിടാനും ഗെയിൽ അധികൃതർക്ക് സുരക്ഷയൊരുക്കാനും എത്തിയത്.

മതിയായ നഷ്ടപരിഹാരവും പുനരധിവാസവും സുരക്ഷയും ഉറപ്പുവരുത്താതെയുള്ള ഗെയിൽ പദ്ധതിക്കെതിരെ വൻ ജനരോഷമുയർന്നിരുന്നു. ഗെയിൽ വിരുദ്ധ സമരക്കാർക്ക് നേരെ നടന്നത് സമാനതകളില്ലാത്ത ആക്രമമാണന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് തിരുവമ്പാടി എം.എൽ.എയാണന്നും എം.ഐ ഷാനവാസ് എം.പി പറഞ്ഞു. സംഘർഷ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന്റെ പ്രതിഫലനമാണ് പോലീസ് നടപടി. ഇതിനെ ഒറ്റക്കെട്ടായി എതിർക്കും. അക്രമത്തിന്റെ പാതയിലൂടെ സമരത്തെ തകർക്കാമെന്ന് വിചാരിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നിരപരാധികളെ ആക്രമിച്ചത്. ഭൂമി നഷ്ടപ്പെടുന്ന പാവപ്പെട്ടവനെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികളും സമരപന്തലും തകർക്കുന്നു. ഇതൊരു ജനാധിപത്യ രാജ്യമാണന്നും ഇവിടെ പ്രതിഷേധിക്കാൻ അനുവാദമില്ലേയെന്നും ഷാനവാസ് ചോദിച്ചു. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് തിരുവമ്പാടി മണ്ഡലത്തിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. മുക്കം മുനിസിപ്പാലിറ്റി, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ, കോടഞ്ചേരി, പുതുപ്പാടി എന്നീ പഞ്ചായത്തുകളിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലുമാണ് ഹർത്താൽ. ഹർത്താലിനോട് എല്ലാവരും സഹകരിക്കണമെന്ന് തിരുവമ്പാടി മണ്ഡലം ചെയർമാൻ എ.എം അഹമ്മദ്കുട്ടി ഹാജിയും ജനറൽ കൺവീനർ മോയൻ കൊളക്കാടനും വാർത്താക്കുറിപ്പിൽ അറിയിച്ചു.

വീഡിയോ കടപ്പാട്: മുക്കം ടുഡെ


 

Latest News