ജനീവ - വ്യത്യസ്തമായ വിജയങ്ങളോടെ പി.എസ്.ജിയും ബയേൺ മ്യൂണിക്കും യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാർട്ടറിലെത്തി. രണ്ടു മത്സരങ്ങൾ ശേഷിക്കെയാണ് ഇരു ടീമുകളും ഗ്രൂപ്പ് ബി-യിൽനിന്ന് മുന്നേറിയിരിക്കുന്നത്. പി.എസ്.ജി 5-0 ന് ആൻഡർലെറ്റിനെയും ബയേൺ 2-1 ന് സെൽറ്റിക്കിനെയും മറികടന്നു. പി.എസ്.ജിയുടെ ലേവിൻ കുർസാവ ഹാട്രിക് നേടി. ബെൻഫിക്കയെ 2-0 ന് മറികടന്ന മാഞ്ചസ്റ്റർ യുനൈറ്റഡും നാലാം ജയം സ്വന്തമാക്കിയെങ്കിലും അവർക്ക് നോക്കൗട്ട് ഉറപ്പാവാൻ അടുത്ത കളി വരെ കാത്തിരിക്കണം.
ഏറ്റവും ശ്രദ്ധേയമായ പോരാട്ടത്തിൽ റോമ 3-0 ന് ചെൽസിയെ തകർത്തു. നാൽപതാം സെക്കന്റിലായിരുന്നു റോമയുടെ ആദ്യ ഗോൾ. അത്‌ലറ്റിക്കൊ മഡ്രീഡിന് നാലാം മത്സരത്തിലും ആദ്യ വിജയം സ്വന്തമാക്കാനായില്ല. സ്വന്തം ഗ്രൗണ്ടിലും ദുർബലരായ ക്വാറബാഗിനെതിരെ അവർ സമനില വഴങ്ങി (1-1).
ഗ്രൂപ്പ് ഡി-യിൽ ബാഴ്‌സലോണയും യുവന്റസും എവേ മത്സരങ്ങളിൽ സമനില നേടി. ഗോളി സിൽവിയൊ പ്രോടോയുടെ തകർപ്പൻ സെയ്‌വുകളാണ് ബാഴ്‌സലോണക്കെതിരെ ഗോൾരഹിത സമനില നേടാൻ ഒളിംപ്യാകോസിനെ സഹായിച്ചത്.
യുനൈറ്റഡിനെതിരെ ബെൻഫിക്കയുടെ പതിനെട്ടുകാരൻ ഗോളി മിലെ സ്വിലാർ തന്നെയായിരുന്നു തുടർച്ചയായ രണ്ടാമത്തെ കളിയിലും ശ്രദ്ധാകേന്ദ്രം. ആന്റണി മാർ ഷ്യാൽ എടുത്ത പെനാൽട്ടി കിക്ക് സ്വിലാർ രക്ഷിച്ചു. എന്നാൽ പിന്നീട് സെൽഫ് ഗോൾ വഴങ്ങി. ചാമ്പ്യൻസ് ലീഗിലെ സ്വിലാറിന്റെ രണ്ടാമത്തെ കളിയാണ് ഇത്. യുനൈറ്റഡിനെതിരായ അരങ്ങേറ്റത്തിൽ പന്ത് പിടിച്ച ശേഷം ഗോൾ വര കടന്നിരുന്നു സ്വിലാർ. ഇത്തവണ നെമാന്യ മാറ്റിച്ചിന്റെ ഷോട്ട് ക്രോസ്ബാറിനിടിച്ചു മടങ്ങുമ്പോൾ സ്വിലാറിന്റെ മുതുകിലിടിച്ച് വലയിൽ കയറുകയായിരുന്നു. യുനൈറ്റഡിന്റെ രണ്ടാമത്തെ ഗോൾ പെനാൽട്ടിയിൽ നിന്നായിരുന്നു.
സി.എസ്.കെ.എയെ തോൽപിച്ചിരുന്നുവെങ്കിൽ ബാസലിനും ഗ്രൂപ്പ് എ-യിൽനിന്ന് നോക്കൗട്ടിലെത്താമായിരുന്നു. ആദ്യ പകുതിയിൽ ബാസൽ ഗോളടിച്ചെങ്കിലും രണ്ടാം പകുതിയിലെ ഇരട്ട ഗോളിൽ സി.എസ്.കെ.എ ജയിച്ചു.
ഗ്രൂപ്പ് ബി-യിൽ പി.എസ്.ജിയുടെ പടയോട്ടമാണ്. നാലു കളിയിൽ അവർ അടിച്ചുകൂട്ടിയത് 17 ഗോളാണ്. ആൻഡർലെറ്റിനെതിരെ മാർക്കൊ വെറാറ്റിയും നെയ്മാറും ആദ്യ പകുതിയിൽ സ്‌കോർ ചെയ്തു. രണ്ടാം പകുതിയിലായിരുന്നു ലെഫ്റ്റ്ബാക്ക് കുർസാവയുടെ ഹാട്രിക്. മൂന്നാം ജയത്തോടെയാണ് ബയേൺ ഈ ഗ്രൂപ്പിൽനിന്ന് നോക്കൗട്ടിൽ പ്രവേശിച്ചത്.
ഗ്രൂപ്പ് സി-യിൽ തുടർച്ചയായ രണ്ടാമത്തെ കളിയിലാണ് ചെൽസിക്കെതിരെ റോമ മൂന്നു ഗോളടിക്കുന്നത്. കഴിഞ്ഞ കളി 3-3 സമനിലയായിരുന്നു. ഇത്തവണ ഏകപക്ഷീയമായിരുന്നു. സ്റ്റീഫൻ അൽ ഷഅറാവി രണ്ടു ഗോൾ നേടി. നാൽപതാം സെക്കന്റിലായിരുന്നു ഷഅറാവിയുടെ ആദ്യ ഗോൾ. കഴിഞ്ഞ നാലു സീസണിലും ക്വാർട്ടറിലെത്തിയ അത്‌ലറ്റിക്കൊ പുറത്താകലിന്റെ വക്കിലാണ്. നാൽപതാം മിനിറ്റിൽ ക്വാറബാഗ് ലീഡ് നേടിയെങ്കിലും അത്‌ലറ്റിക്കൊ രണ്ടാം പകുതിയിൽ മടക്കി. ഇരു ടീമുകളും പത്തു പേരുമായാണ് കളിയവസാനിപ്പിച്ചത്. ഗ്രൂപ്പ് ഡി-യിൽ ഗോൺസാലൊ ഹിഗ്വയ്‌ന്റെ അവസാന വേളയിലെ ഗോൾ സ്‌പോർടിംഗ് ലിസ്ബണിനെതിരെ യുവന്റസിന് 1-1 സമനില നൽകി. യുവന്റസിനെതിരെ അടുത്ത കളിയിൽ സമനില മതി ബാഴ്‌സലോണക്ക് മുന്നേറാൻ. ഒളിംപ്യാകോസ് ഗോളി സിൽവിയൊ പ്രോടോയാണ് ബാഴ്‌സലോണക്ക് വിജയം നിഷേധിച്ചത്. ലിയണൽ മെസ്സിയുടെ മാത്രം അഞ്ച് ഷോട്ടുകൾ ഗോളി തടുത്തു. കളി തീരാൻ സെക്കന്റുകൾ ശേഷിക്കെ ഒരു ഗ്രീക്ക് ആരാധകൻ ഗ്രൗണ്ടിലേക്കോടിയിറങ്ങി. പോലീസ് ഓടിക്കും മുമ്പെ ഇയാൾ മെസ്സി ക്കും ലൂയിസ് സോറസിനുമൊപ്പം നിന്ന് സെൽഫിയെടുത്തു.