ന്യൂദൽഹി - റെക്കോർഡ് കൂട്ടുകെട്ട് പടുത്തുയർത്തി ആശിഷ് നെഹ്‌റയുടെ വിടവാങ്ങൽ കൊഴുപ്പിച്ച ശിഖർ ധവാനും രോഹിത് ശർമയും ന്യൂസിലാന്റിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് 53 റൺസിന്റെ തകർപ്പൻ വിജയം സമ്മാനിച്ചു. രോഹിത്-ശിഖർ കൂട്ടുകെട്ടിന്റെ 158 റൺസ് പോലും നേടാനാവാതെ ന്യൂസിലാന്റ് മുട്ടുമടക്കി. സ്‌കോർ: ഇന്ത്യ മൂന്നിന് 202, ന്യൂസിലാന്റ് എട്ടിന് 149. ന്യൂസിലാന്റിനെതിരായ ആറ് ട്വന്റി20 കളിൽ ഇന്ത്യയുടെ കന്നി വിജയമാണ് ഇത്.
രോഹിതും (55 പന്തിൽ 80) ശിഖറും (52 പന്തിൽ 50) ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പതിനേഴാം ഓവറിൽ ഈശ് സോധിയുടെ ബൗളിംഗിൽ ശിഖറും ഹാർദിക് പാണ്ഡ്യയും (0) തുടർച്ചയായി പുറത്തായ ശേഷം വിരാട് കോഹ്‌ലി മൂന്ന് കൂറ്റൻ സിക്‌സറുകളിലൂടെ 11 പന്തിൽ 29 റൺസും മഹേന്ദ്ര ധോണി രണ്ട് പന്തിൽ ഏഴ് റൺസുമെടുത്ത് അവസാനം കെങ്കേമമാക്കി. രോഹിത് പത്തൊമ്പതാം ഓവറിലാണ് പുറത്തായത്.
12 ഇന്നിംഗ്‌സിൽ ആദ്യമായി 50 റൺസ് കൂട്ടുകെട്ട് പിന്നിട്ട ഓപണിംഗ് ജോടി 16.2 ഓവറിൽ 158 റൺസാണ് അടിച്ചെടുത്തത്. ട്വന്റി20 യിൽ ഇന്ത്യയുടെ മൂന്നാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് ഇത്. ട്വന്റി20 യിൽ ആദ്യം ബാറ്റ് ചെയ്ത് പതിനാറോവറിലേറെ തുടരുന്ന ആദ്യ ഓപണിംഗ് ജോടിയുമായി ഇരുവരും.
തുടക്കത്തിൽ മിച്ചൽ സാന്റ്‌നറും ട്രെന്റ് ബൗൾടും ഇരുവർക്കും സ്വാതന്ത്ര്യമനുവദിച്ചില്ല. സ്പിന്നർമാരായ സാന്റ്‌നറും ഈശ് സോധിയും നിയന്ത്രണം പാലിക്കുകയും ചെയ്തു. എന്നാൽ പത്തോവറിൽ 80 ലെത്തിയ ശേഷം ഇരുവരും ആഞ്ഞടിച്ചു. അടുത്ത നാലോവറിൽ 25 റൺസൊഴുകി. രോഹിത് 42 പന്തിൽ പന്ത്രണ്ടാമത്തെ അർധ ശതകം പൂർത്തിയാക്കി. 37 പന്തേ വേണ്ടിവന്നുള്ളൂ ശിഖറിന് മൂന്നാമത്തെ അർധ ശതകം തികക്കാൻ. ശിഖറിന്റെ ഉയർന്ന സ്‌കോറാണ് 80. ന്യൂസിലാന്റിന്റെ മാർടിൻ ഗപ്റ്റിൽ-കെയ്ൻ വില്യംസൻ കൂട്ടുകെട്ടും (170) ദക്ഷിണാഫ്രിക്കയുടെ ഗ്രേം സ്മിത്-ബോസ്മാൻ കൂട്ടുകെട്ടും (171) മാത്രമാണ് ഇവരെക്കാൾ കൂടുതൽ റൺസടിച്ച ഓപണിംഗ് കൂട്ടുകെട്ടുകൾ. സുരേഷ് റയ്‌നയെ (266) മറികടന്ന് ട്വന്റി20 ക്രിക്കറ്റിൽ കൂടുതൽ സിക്‌സറടിച്ച കളിക്കാരനുമായി രോഹിത് (266). വീരേന്ദർ സെവാഗും ഗൗതം ഗംഭീറും 2007 ലെ ലോകകപ്പിൽ 136 റൺസടിച്ചതാണ് ഇതുവരെ ഇന്ത്യയുടെ ഉയർന്ന ഓപണിംഗ് കൂട്ടുകെട്ട്. ശിഖറിനെ എട്ടിലുള്ളപ്പോഴും രോഹിതിനെ 16 ലുള്ളപ്പോഴും കിവീസ് ഫീൽഡർമാർ കൈവിട്ടു.
മുംബൈ മലയാളി ശ്രേയസ് അയ്യർ രാജ്യാന്തര അരങ്ങേറ്റം കുറിച്ചെങ്കിലും ബാറ്റ് ചെയ്യാൻ അവസരം കിട്ടിയില്ല.
മഞ്ഞിൽ ബൗൾ ചെയ്യുക ഇന്ത്യക്ക് പ്രയാസകരമാവുമെന്ന് കരുതിയെങ്കിലും ആതിഥേയരുടെ പെയ്‌സ്, സ്പിന്നാക്രമണത്തിൽ പിടിച്ചുനിൽക്കാൻ കിവീസിനായില്ല.
നെഹ്‌റയുടെ ബൗളിംഗിൽ രണ്ട് ക്യാച്ചുകൾ കൈവിട്ടിരുന്നില്ലെങ്കിൽ പന്തെറിഞ്ഞ എല്ലാവർക്കും വിക്കറ്റ് ലഭിച്ചേനേ. നാലാം ഓവറാവുമ്പോഴേക്കും ഓപണർമാരായ മാർടിൻ ഗപ്റ്റിലിനെയും (4) കോളിൻ മൺറോയെയും (7) പറഞ്ഞുവിട്ട ഇന്ത്യൻ ബൗളർമാർ നൂറിലെത്തും മുമ്പെ ഏഴ് വിക്കറ്റ് എറിഞ്ഞിട്ടു. മൺറോയെ പുറത്താക്കാൻ ഹാർദിക് എടുത്ത ക്യാച്ച് സമീപകാലത്ത് കണ്ട മനോഹര ക്യാച്ചുകളിലൊന്നായി. ടോം ലേതമാണ് (36 പന്തിൽ 39) ടോപ്‌സ്‌കോറർ. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ 28 റൺസെടുത്തു.