Sorry, you need to enable JavaScript to visit this website.

പ്രാദേശിക-ദേശീയ തമാശകൾ!

പ്രശസ്ത ചിത്രകാരനായിരുന്ന ശങ്കരൻ കുട്ടിയുടെ ഒരു പംക്തിയുടെ പേരായിരുന്ന 'തിരുത്താത്ത തോന്ന്യാസം' ഒന്നോ  രണ്ടോ വാരം ഓടി. പിന്നെ മുടങ്ങി. അദ്ദേഹത്തിന് അതു തിരുത്തണമെന്നു തോന്നിയതുമില്ല. ഇന്നിപ്പോൾ ആ തലക്കെട്ട് ഏറ്റവും യോജിക്കുന്നത് കേരളത്തിലെ കോൺഗ്രസിനു തന്നെയാണ്. ചിഹ്നത്തർക്കത്തിൽപ്പെട്ടു നെട്ടോട്ടമോടുന്ന കേരള കോൺഗ്രസുകളെ വിട്ടേക്കാം. യൂത്ത് ലീഗിന്റെ സമ്മർദം നിമിത്തം ശ്വാസം മുട്ടുന്ന മൂത്ത ലീഗിനെയും വിടാം. പക്ഷേ, കോൺഗ്രസ് അങ്ങനെയല്ല. 'എന്നെ തല്ലണ്ട അമ്മാവാ, ഞാൻ നന്നാകുന്നില്ല' എന്നു നിലവിളിക്കുന്ന അനന്തരവന്റെ രാഷ്ട്രീയ അവതാരമാണത്. 'കഥയറിയാതെ ആട്ടം കാണാൻ ഇറങ്ങിയ' കക്ഷിയാണ് രഹുൽ ഗാന്ധി. എന്നെ തല്ലണ്ട, ഞാൻ നേതാവാകാനില്ല' എന്നു പറഞ്ഞാൽ അണികൾ കേൾക്കില്ല. സാഹചര്യങ്ങളുടെയും സ്മൃതി ഇറാനിയുടെയും ഭീഷണി കാരണമാണ് പാവം വയനാട്ടിലെത്തി പതുങ്ങി നിന്നതും മത്സരിച്ചതും. എന്തു ചെയ്യാം. ജയിച്ചു കയറി! കഷ്ടകാലം പെട്ടെന്നു വിടുന്ന ഇനമല്ലല്ലോ. കേരളം മുഴുവനും പ്രളയ ഭീഷണയിലായപ്പോൾ രാഹുൽജി കുറേയേറെ ഭക്ഷ്യധാന്യങ്ങൾ സംഘടിപ്പിച്ചു 'കുരുത്തംകെട്ട' പാർട്ടിയെ ഏൽപിച്ചു. അവർ ജില്ലാ കമ്മിറ്റിയെ, ജില്ല ബ്ലോക്കിനെ. ബ്ലോക്ക് പിന്നെ 'ബ്ലാക്കി'ന്റെ നേതാക്കളെ. ഇപ്പോൾ നിലമ്പൂരിലെ ഒരു പീടിക തുറന്നപ്പോൾ പുഴുവരിച്ച ഭക്ഷ്യധാന്യ കിറ്റുകൾ.

 

തെരഞ്ഞെടുപ്പു സമയത്ത് വിതരണം ചെയ്യാമെന്നു കരുതിയത്രേ! എന്തൊരു മാനവ സ്‌നേഹം! മൊബൈലും ഒളിക്യാമറയും സർവത്ര വിലസി നടക്കുന്നതിനാലാണ് 'വിതരണം' നടക്കാതെ പോയതെന്ന് പാർട്ടിക്കുളളിലും പുറത്തും അറിയാത്തവരില്ല. കോഴിക്കോട്ടെത്തിയാൽ ഇടത്തെ കൊമ്പനെപ്പോലെ, മുല്ലപ്പളളിക്കു പോകേണ്ട വഴിയിൽ കയറി നിൽപാണ് വടകര എം.പി. റിബൽ സ്ഥാനാർഥിക്ക് 'കൈപ്പത്തി'ചിഹ്നം എങ്ങനെ കിട്ടി എന്നറിയണം മുരളീധരന്. കൈപ്പത്തി ഒരു മനുഷ്യാവയവമാണെന്നും അതിന്റെ പേറ്റന്റ് എടുക്കാൻ നിർവാഹമില്ലെന്നും പറഞ്ഞ് തലസ്ഥാനത്തേക്കു കുതിക്കാമായിരുന്നു പ്രസിഡന്റിന്. എന്തു ചെയ്യാം, പിറന്ന മണ്ണിൽ നിന്നും ഒളിച്ചോടിയ ഗാന്ധിയൻ എന്ന് ഒരു വിളിപ്പേര് സമ്പാദിക്കണ്ട എന്നു കരുതി മുല്ലപ്പള്ളി മൗനി ബാബയായി.

കെ. കരുണാകരന്റെ മക്കളെ രാഷ്ട്രീയം പഠിപ്പിക്കണ്ട എന്ന പതിവു പല്ലവി ഓൺ ചെയ്യാൻ മുരളി മടിക്കുകയുമില്ല. അങ്ങനെയാണല്ലോ പണ്ട് ഡി.ഐ.സി എന്നൊരു പാർട്ടിയുണ്ടാക്കിയതും രായ്ക്കുരാമാനം പീടിക പൂട്ടിയതും! അല്ലാ, ഈ കോൺഗ്രസിനെ നന്നാക്കാൻ ദുനിയാവിൽ ആരും ഉണ്ടാകില്ലല്ലോ? അതോ, പിണറായി ലൈൻ സ്വീകരിച്ച് പുറത്തുനിന്നും 'കൺസൾട്ടൻസി'യെ നിയമിക്കേണ്ടി വരുമോ?...... ഏതായാലും തദ്ദേശ സ്വയംഭരണ കാര്യം ഡിസംബറിൽ ഒരു കരയെത്തുന്നതോടെ ഓക്‌സിജൻ സിലിണ്ടറുകൾ അനേകം വേണ്ടിവരും. നേതൃത്വത്തിന് ഒരു കരുതൽ നല്ലതാണ്.

****         ****        ****
ദാ വന്നു, ദേ പോയി- എന്നു സുരേഷ് ഗോപി 'കോടീശ്വരൻ' പ്രോഗ്രാമിൽ പറഞ്ഞതു പോലെയായി: പോലീസ് നിയമ ഭേദഗതി കൊണ്ടുവന്ന അതേ വേഗത്തിൽ പിൻവലിക്കുകയും ചെയ്തു. പാർട്ടിയിലെ രണ്ടാം ഇ.എം.എസ് ആയിരുന്ന എം.എ. ബേബി സഖാവൊഴികെ എല്ലാവരും എണീറ്റു നിന്നു കൈയടിച്ചു. സഖാവ് ആദ്യമേ 118 - എ വകുപ്പിനു എതിരായിരുന്നതിനാൽ പല്ലിറുമ്മിക്കൊണ്ട് ഒരു പ്രസ്താവന മാത്രം ഇറക്കി സായൂജ്യം നേടി. 'വിനാശകാലേ വിപരീത ബുദ്ധി'യെന്ന വഴിക്കാണ് മുഖ്യൻ വെച്ചു പിടിച്ചത്. ഒരുത്തനെ, അല്ലെങ്കിൽ ഒരു കുടുംബത്തെ തന്നെ രായ്ക്കുരാമാനം പൊക്കുവാൻ ആവശ്യമുള്ള എല്ലാ നിയമങ്ങളുമുളള സംസ്ഥാനമാണ് കേരളം. ഉന്നത കുടുംബങ്ങളെ സംബന്ധിച്ചും വെബ്‌സൈറ്റിൽ വാർത്ത വരുമെന്നു കണ്ടപ്പോഴാണ് ഭേദഗതിക്ക് പോലീസ് ചാടിയിറങ്ങിയത്. നിലവിലുള്ള നിയമങ്ങൾക്ക് ഒരു അഡീഷണൽ സെറ്റ് പല്ലു കൂടി ഫിറ്റ് ചെയ്യുന്ന ജോലിയായിരുന്നു അത്.

 

1975 ലെ അടിയന്തരാവസ്ഥ മുതൽ മരണം വരെ കരുണാകരന്റെ വാത്സല്യം നുകർന്ന രമൺ ശ്രീവാസ്തവയുടെ ഉപദേശം ലേശം തെറ്റിപ്പോയി എന്നാണ് മുഖ്യൻ കണ്ടെത്തിയത്. വീണിടത്ത് കിടന്ന് ഉരുണ്ടിട്ടു കാര്യമില്ല എന്ന് സീതാറാം യെച്ചൂരിയുടെ കഷായം കുടിച്ചതു പോലെയുള്ള മുഖഭാവവും വിളിച്ചു പറഞ്ഞു. ഇനി മേലിൽ എന്റെയും എന്റെ പിള്ളേരുടെയും  കാലം വരെ ഇത്തരമൊരു നിയമം കൊണ്ടുവരില്ല. നിയമസഭയിലും ജനങ്ങൾക്കിടയിലും ചർച്ച ചെയ്യാതെ പകരം ഒരു നിയമവും കൊണ്ടുവരില്ല എന്ന് പിണറായി. സ്വാഭാവികമായും ഒരു സംശയം ഉണരുന്നുണ്ട്- ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യുകയോ? ലോക്കൽ കമ്മിറ്റിയിൽ എന്നു പറയാമായിരുന്നു. അതും ഉറപ്പില്ല, പാർട്ടി ഇപ്പോൾ 'കോൺഗ്രസിനു' പഠിക്കുന്ന കാലമാണ്. പരീക്ഷയും അടുത്തെത്തി, ഇനിയെന്തു ചർച്ച! അനുസരണയൊക്കെ പണ്ടായിരുന്നു.

****            ****              ****
വെട്ടുകിളി ശല്യം കൃഷിയുള്ള സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ ആ ജോലി ഏറ്റെടുത്തിരിക്കുന്നത് 'വിമത ശല്യമാണ്'. കാഡർ പാർട്ടികൾക്ക് വലിയ വിള നാശമൊന്നും ഉണ്ടാകാറില്ല. പക്ഷേ ജനാധിപത്യം തിങ്ങിനിറഞ്ഞു ശ്വാസം മുട്ടുന്ന പാർട്ടികളുടെ കാര്യമാണ് പരിതാപകരം. കോർപറേഷൻ 'മേയർ' സ്ഥാനാർഥി എന്നുവരെ ലേബൊട്ടിച്ച് ജാതികര പ്രമാണിമാരുടെ കാലുപിടിച്ച് രംഗത്തിറക്കിയ കോഴിക്കോട്ടെ സ്ഥാനാർഥിക്കുമുണ്ട് റിബൽ. പക്ഷേ ഇത്തവണ റിബലുകളെ കടത്തി വെട്ടി വനിതകൾ. തലസ്ഥാനത്ത് അറുപത്തിയാറു ശതമാനം വനിതാ സ്ഥാനാർഥികളുണ്ട്. ചുമ്മാതാണോ മിസ്റ്റർ, വിമതന്മാർ പത്രികയും കൊണ്ട് ചാടിയിറങ്ങുന്നത് എന്നു ചോദിച്ചാൽ ഉത്തരം പറയുവാൻ ആളില്ല. രാഷ്ട്രീയത്തിലെ നിരുപദ്രവിയായ ഒരിനമാണ് സി.പി.ഐ. എന്നാലെന്ത്? കാന്തല്ലൂർ പഞ്ചായത്തിലെ ഒരു സ്ഥാനാർഥിയുടെ പേര് 'പുലിക്കുട്ടി'യെന്നാണ്. വിപ്ലവ വീര്യത്തിന്റെ സ്മരണകളിരമ്പുന്ന പേര്. 1942 ലെ ക്വിറ്റിൻഡ്യാ സമരത്തെ എതിർക്കുമ്പോൾ പാർട്ടി പിളർന്നിട്ടില്ല. ശരിക്കും ചിന്തിക്കാനുള്ള പ്രായവും എത്തിയിട്ടില്ല. അതിന്റെ പരിഹാരാർഥം 1970 കളിൽ ഗാന്ധി- ലെനിൻ ജന്മശതാബ്ദി വരെ ആഘോഷിച്ചു കളഞ്ഞു. അതുകൊണ്ടും പോരാഞ്ഞ് മൂന്നാർ പഞ്ചായത്തിൽ ഇത്തവണ പാർട്ടി മത്സരിപ്പിക്കുന്ന ഒരു സ്ഥാനാർഥിയുടെ പേരു തന്നെ 'ഗാന്ധി'യാണ്. കോൺഗ്രസിനു തോന്നിയിട്ടില്ലാത്ത ബുദ്ധി! തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വായിൽ വെണ്ണ തേച്ചതു പോലെ മുഴുത്ത ചിരിയുമായി സ്ഥാനാർഥികൾ ഇറങ്ങുന്നത് പുത്തൻ തലമുറയ്ക്കു ഒരു ഹാസ്യ രംഗമാണ്. അതാകണം, 'പുഞ്ചിരി' എന്നു പേരുളള യുവതിയെ ദേവികുളം ശാന്തൻ പാറയിൽ മത്സരിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയത്.


ജയിച്ചു കഴിഞ്ഞാൽ പിന്നെ നാട്ടിൽ കാണാൻ ബുദ്ധിമുട്ടുള്ള ഇനമാണ് പല നേതാക്കളും. 2000 ത്തിൽ സി.എം.പിക്കാരനായി ചിറയിൻകീഴിൽ മത്സരിച്ചു വിജയിച്ച കക്ഷി അത്തരക്കാരനാണോ എന്നറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ഓമനപ്പേര് 'കൊച്ചുകള്ളൻ' എന്നത്രേ! ഇത്തവണ ബി.ജെ.പി സ്ഥാനാർഥിയായി രംഗത്തെത്തുമ്പോഴും ബാലറ്റ് പേപ്പറിൽ അദ്ദേഹം 'കൊച്ചുകള്ളൻ' തന്നെ. അതൊക്കെ ഈ കോവിഡ് കാലത്ത് അൽപം ആശ്വാസ നിശ്വാസം പകരുന്ന വാർത്തയല്ലേ?

     ****      ****       ****
ഈ ശശി തരൂർ എന്തു കണ്ടിട്ടാണ് പുറപ്പാട്? നേതൃത്വത്തിനെതിരെ 23 പേർ ഒപ്പിട്ടപ്പോൾ ഒപ്പം നിന്ന തരൂരിന് എന്തു വേണമെന്നു തുറന്നു പറയാം; മടിക്കണ്ട. ഇപ്പോഴിതാ, അഭിനവ് കഫാരെയുടെ ഒരു ചിത്രമെടുത്ത് ട്വീറ്റ് ചെയ്തിരിക്കുന്നു! മൂവർണം മുഴുവനും ഒരു ചായക്കോപ്പയുടെ മുകളിലെ 'അരിപ്പ'യിലൂടെ വീഴുമ്പോൾ 'കാവി നിറ'മായി മാറുന്നതാണ് ചിത്രം! മുറിവിൽ ഉപ്പു തേക്കാമോ, പുണ്ണിൽ മുളകു തേയ്ക്കാമോ എന്നൊക്കെ ക്ഷമാശീലരും അഹിംസാവാദികളും ചോദിച്ചു പോകും. ജൂലിയസ് സീസറല്ല സോണിയാ ഗാന്ധിയെന്ന് തരൂർജി മറക്കരുത്. പിന്നിൽ നിന്നു കുത്തിയാൽ സീസർ വീഴും. കബിൽ സിബലും തരൂരും ചിദംബരവും തുടങ്ങിയവർ എവിടേക്കാണെന്ന് കാത്തിരുന്നു കാണാം.

    ****        ****       **** 
പിണറായിയെ സംബന്ധിച്ചിടത്തോളം, കേരള മന്ത്രിസഭയെ വട്ടമിട്ടു പറക്കുകയാണ് കേന്ദ്ര ഏജൻസികൾ. നേരം പുലർന്നാൽ ഓരോ സംസ്ഥാന മന്ത്രിയും ആദ്യം മുറ്റത്തിറങ്ങി ആകാശത്തേക്കു നോക്കും. പിന്നീട് മാത്രമേയുളളൂ ജലപാനം. എരിതീയിൽ എണ്ണ ഒഴിക്കുന്നതു പോലെയാണ് ബി.ജെ.പിയുടെ നേതാവ് കെ. സുരേന്ദ്രനും. സി.എ.ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും മുമ്പ് മുഖ്യമന്ത്രി തുറന്നു നോക്കിയിട്ടുണ്ടെങ്കിൽ, തുറന്നുപറഞ്ഞാൽ മതി; ആ നിമിഷം മന്ത്രിസഭയെ പുറത്താക്കാൻ കേന്ദ്രം തയാറാണത്രേ! കെ.എം. മാണി ബാർ കോഴയിൽ കുരുങ്ങിക്കിടന്ന കാലത്തെ ഒരു ബജറ്റ് സമ്മേളനം ആറും മറന്നുകാണില്ല- ബജറ്റ് അവതരിപ്പിച്ചാൽ നിയമസഭയിൽ ചോരപ്പുഴ ഒഴുകുമെന്നായിരുന്നു ശിവൻ കുട്ടി - എം.എം. മണി- ശ്രീരാമകൃഷ്ണൻ- ജയരാജന്മാരുടെ നിലപാട്. മാണി മേശയ്ക്കടിയിലൂടെ കമഴ്ന്നു കിടന്നു ബജറ്റ് വായിച്ചുവത്രേ! ആ ശാപം കാണും. ഇപ്പോഴത്തെ റിപ്പോർട്ടിന്റെയും അവകാശി നിയമസഭയുടെ മേശപ്പുറമാണ്. പിണറായി രഹസ്യമായി തുറന്നുവായിച്ചുവോ, ആവോ! സത്യം തോമസ് ഐസക്കിനു മാത്രം അറിയാം!
 

Latest News