ദുബായ്- ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണക്ക് യു.എ.ഇയുടെ ആദരം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ മറഡോണയുടെ ചിത്രങ്ങള്‍ പതിഞ്ഞു. ദുബായ് കായികമേഖലയുടെ ഓണററി അംബാസഡറായിരുന്നു മറഡോണ.
1986 ല്‍ അര്‍ജന്റീനക്ക് ലോക കപ്പ് നേടിക്കൊടുത്ത മറഡോണ ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. 2011 മുതല്‍ ദുബായിലുണ്ടായിരുന്ന മറഡോണ അല്‍ വാസല്‍ ക്ലബിന്റെ പരിശീലകനായി സേവനമനുഷ്ഠിച്ചു. ദുബായ് മാധ്യമങ്ങള്‍ മറഡോണയുടെ വിടവാങ്ങലിന് വന്‍ കവറേജാണ് നല്‍കിയത്.
വൈകുന്നേരം ബുര്‍ജ് ഖലീഫയുടെ ഭിത്തികളില്‍ വര്‍ണാഭമായ മറഡോണ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. മറഡോണയുടെ ഫുട്‌ബോള്‍ ജീവിതത്തിലെ അസുലഭ നിമിഷങ്ങളാണ് ബുര്‍ജില്‍ പ്രത്യക്ഷപ്പെട്ടത്. മറഡോണയോടുള്ള ആദരമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത് ബുര്‍ജ് നിര്‍മാതാക്കളായ ഇഅ്മാര്‍ ട്വിറ്ററില്‍ പറഞ്ഞു.