അബുദാബി- അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍, പങ്കാളിത്തം എന്നിവയെക്കുറിച്ചും രാഷ്ട്രീയ, നിക്ഷേപ, സാമ്പത്തിക മേഖലകളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
കോവിഡ്19 വ്യാപനത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലെയും മാറ്റങ്ങളും പ്രതിരോധ നടപടികളും വിലയിരുത്തി. രാജ്യാന്തര വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടെയും നിലപാടുകള്‍ പങ്കുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസകള്‍ ശൈഖ് മുഹമ്മദിന് കൈമാറി. മോഡിക്കും ഇന്ത്യന്‍ ജനതക്കും ശൈഖ് മുഹമ്മദ് ആശംസകള്‍ നേര്‍ന്നു.
യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ.അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ്, അബുദാബി എക്‌സിക്യുട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ ഖലീഫ അല്‍ മുബാറക്, അബുദാബി കിരീടാവകാശിയുടെ കോര്‍ട്ടിലെ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക്, ഇന്ത്യന്‍ പ്രതിനിധി സംഘം എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.