തിരുവനന്തപുരം- ഹണിട്രാപ്പ് വഴി പണം തട്ടുന്ന രണ്ട് രാജസ്ഥാന്‍ സ്വദേശികളെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. നഹര്‍സിങ്, സുഖ്‌ദേവ് സിങ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കോളേജ് വിദ്യാര്‍ഥിനി അന്‍കിത ശര്‍മ എന്ന പേരില്‍ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം ഉള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും പരാതിക്കാരന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. തുടര്‍ന്ന് മെസഞ്ചര്‍ വഴി നിരന്തരം സംസാരിച്ച് സൗഹൃദം സ്ഥാപിച്ചു. പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങള്‍ കരസ്ഥമാക്കിയശേഷം പോലീസില്‍ പരാതി നല്‍കുമെന്നും സ്വകാര്യ വീഡിയോ ചിത്രങ്ങള്‍ പരാതിക്കാരന്റെ ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പിലെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.
മൊബൈല്‍ മണി വാലറ്റുകള്‍ വഴി പതിനായിരത്തോളം രൂപ കരസ്ഥമാക്കുകയും ചെയ്തു. ശാസ്ത്രീയമായി നടത്തിയ വിശകലനത്തിലൂടെ പ്രതികള്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട കാമന്‍, മേവാത്ത് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
പുരുഷന്‍മാരുടെ ശബ്ദം സ്ത്രീകളുടെ ശബ്ദമാക്കി മാറ്റാന്‍ കഴിയുന്ന സോഫ്റ്റ് വെയറുകളും, വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഉപയോഗിച്ചാണ് പണം തട്ടുന്നത്. തിരുവനന്തപുരം റെയ്ഞ്ച് പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.