ദുബായ്- എട്ടു മാസത്തിനിടെ 12 ലക്ഷം സൗദി വിനോദ സഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി ദുബായ് ടൂറിസം വകുപ്പ് അറിയിച്ചു.
ജനുവരി മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലത്ത് യു.എ.ഇ സന്ദർശിച്ച ഗൾഫ് സന്ദർശകരിൽ 54 ശതമാനവും സൗദികളാണ്. സൗദിക്കും യു.എ.ഇക്കും ഇടയിൽ പ്രതിവാരം 600 വിമാന സർവീസുകൾ നടക്കുന്നുണ്ട്.
ആറു വിമാന കമ്പനികൾ ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസുകൾ നടത്തുന്നു. വിമാന സർവീസുകളിൽ 90 ശതമാനത്തിലേറെ സീറ്റുകളിലും യാത്രക്കാരുണ്ട്. എട്ടു മാസത്തിനിടെ 20.8 ലക്ഷം ഗൾഫ് പൗരന്മാരാണ് ദുബായ് സന്ദർശിച്ചത്. ഇക്കാലയളവിൽ 10.4 ദശലക്ഷം വിദേശ ടൂറിസ്റ്റുകൾ ദുബായ് സന്ദർശിച്ചു.
ദുബായ് സന്ദർശകരായ ഗൾഫ് പൗരന്മാരിൽ രണ്ടാം സ്ഥാനത്ത് ഒമാനികളാണ്. ഒമാനിൽ നിന്നുള്ള 5,88,000 പേർ എട്ടു മാസത്തിനിടെ ദുബായ് സന്ദർശിച്ചു. കുവൈത്തികളായ ദുബായ് സന്ദർശകരുടെ എണ്ണത്തിൽ രണ്ടു ശതമാനം വർധനവ് രേഖപ്പെടുത്തി. 2,98,000 കുവൈത്തികൾ എട്ടു മാസത്തിനിടെ ദുബായ് സന്ദർശിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,93,000 കുവൈത്തികളാണ് ദുബായ് സന്ദർശിച്ചത്. പുതിയ ടൂറിസം പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തതിനാൽ വരും വർഷങ്ങളിലും ഗൾഫ് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഓടെ പ്രതിവർഷം ദുബായിലെത്തുന്ന ഗൾഫ് ടൂറിസ്റ്റുകളുടെ എണ്ണം 50 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.