തബൂക്ക്- പാലക്കാട് മാങ്കുറുശ്ശി സ്വദേശി ചെന്താമരാക്ഷനെ രണ്ടു മാസമായി കാണാനില്ലെന്ന് പരാതി. രണ്ടു വർഷത്തോളം ജിദ്ദയിൽ ജോലി ചെയ്ത ശേഷം ദമാമിലേക്ക് കമ്പനി കൊണ്ടുപോയി എന്നാണ് ഒടുവിൽ വീട്ടുകാർക്ക് ലഭിച്ച വിവരം. ടൈൽസ് ജോലിയാണ് ഇദ്ദേഹം ചെയ്തിരുന്നത്. കമ്പനിയുടെ പേരോ സുഹൃത്തുക്കളുടെ നമ്പറോ ഒന്നും വീട്ടുകാരുടെ കൈവശമില്ല. അവസാനമായി വീട്ടുകാരുമായി ബന്ധപ്പെടുമ്പോൾ താൻ ദമാമിലാണെന്നും തമിഴ്നാട് സ്വദേശിയുടെ കൂടെയാണ് താമസമെന്നും പറഞ്ഞിരുന്നു. വല്ലപ്പോഴും നെറ്റ് കോളിലൂടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഇതു മൂലം ഇദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് തങ്ങളെ സമീപിക്കുകയായിരുന്നുവെന്നും മാസ് തബൂക്ക് ഭാരവാഹികൾ അറിയിച്ചു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഷിബു (0572012473), വിഷ്ണു (0553461347) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.