ദമാം - ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. ദമാം അല്‍ശാത്തി ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സെക്കണ്ടറി സ്‌കൂള്‍ കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകനാണ് 'മദ്‌റസതീ' പ്ലാറ്റ്‌ഫോം വഴി ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ കുഴഞ്ഞുവീണത്. മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിച്ചു.
സ്വകാര്യ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഹസ്സാന്‍ (35) ആണ് മരിച്ചത്. അധ്യാപകന്റെ വിയോഗത്തില്‍ കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അല്‍ബാഹിസ് അനുശോചിച്ചു. താമസസ്ഥലത്തു വെച്ച് ഓണ്‍ലൈന്‍ ആയി ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീഴുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു.
അധ്യാപകന്‍ കുഴഞ്ഞുവീഴുന്നത് കണ്ട വിദ്യാര്‍ഥികളാണ് ഫോണില്‍ ബന്ധപ്പെട്ട് തന്നെ വിവരമറിയിച്ചതെന്ന് ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപകനായ മുഹമ്മദ് അല്‍സുഫ്‌യാന്‍ പറഞ്ഞു.
സ്‌കൂളിനടുത്തു തന്നെയാണ് മുഹമ്മദ് ഹസ്സാന്റെ താമസസ്ഥലം. വിദ്യാര്‍ഥികളില്‍ നിന്ന് വിവരം ലഭിച്ചയുടന്‍ തങ്ങള്‍ താമസസ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ ചേതനയറ്റ നിലയിലാണ് അധ്യാപകനെ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനുള്ള ഉപകരണം സമീപത്തു തന്നെയുണ്ടായിരുന്നു. ഇയര്‍ ഫോണുകള്‍ ചെവിയിലായിരുന്നു.
സംഭവ സമയത്ത് കുടുംബാംഗങ്ങളൊന്നും ഫഌറ്റില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ ഈജിപ്തിലാണ്. സ്വാഭാവിക രീതിയിലാണ് മരണം സംഭവിച്ചതെന്ന് ആശുപത്രിയധികൃതര്‍ തങ്ങളെ അറിയിച്ചതായും മുഹമ്മദ് അല്‍സുഫ്‌യാന്‍ പറഞ്ഞു.
അഞ്ചു വര്‍ഷം മുമ്പാണ് മുഹമ്മദ് ഹസ്സാന്‍ അധ്യാപക വിസയില്‍ സൗദിയിലെത്തി ദമാം സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അധ്യാപകനായിരുന്നു മുഹമ്മദ് ഹസ്സാനെന്നും സഹപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍സുഫ്‌യാന്‍ പറഞ്ഞു.