റിയാദ്- സൗദിയിൽ സൈബർ സുരക്ഷ ശക്തമാക്കുന്നതിന് വേണ്ടി പുതിയ സമിതി രൂപീകരിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പുതിയ സമിതിയെന്ന് റോയൽ കോർട്ട് അറിയിച്ചു. സമിതിയുടെ ഡയറക്ടർ ബോർഡ് ചെയർമാനായി ക്യാബിനറ്റ് അംഗവും സഹമന്ത്രി ഡോ. മുസായിദ് നാസർ അൽ ഈബാനെ നിയമിച്ചു. പൊതുസുരക്ഷ മേധാവി, ജനറൽ ഇന്റലിജൻസ് മേധാവി, ഡപ്യൂട്ടി ആഭ്യന്തര മന്ത്രി, പ്രതിരോധ സഹമന്ത്രി എന്നിവരാണ് അംഗങ്ങൾ. സൈബർ സെക്യൂരിറ്റി ശക്തമാക്കുക, സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കുക എന്നിവയാണ് പുതിയ സമിതിയുടെ ലക്ഷ്യം. ഫലപ്രദമായ പ്രവർത്തനത്തിന് വേണ്ടി ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കും. പുതിയ ചുമതല നൽകിയതിന് രാജാവിനോടും കിരീടാവകാശിയോടും മുസായിദ് നാസർ അൽ ഈബാൻ നന്ദി അറിയിച്ചു.