വടകര- വടകരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധരന്‍ എംപി. വിമത സ്ഥാനാര്‍ത്ഥിക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് മുരളീധരന്‍ പറഞ്ഞു. വടകര ബ്ലോക്ക് കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ വിമതന്‍ ഉണ്ടെന്നാണ്, ഞാന്‍ അന്വേഷിച്ചപ്പോള്‍ അയാള്‍ക്ക് ഡിസിസി തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. അവിടെ ആര്‍എംപിയാണ് സ്ഥാനാര്‍ത്ഥിയാണ് എന്നാണ് അറിഞ്ഞത്. പിന്നീട് കണ്‍വെന്‍ഷന്‍ ഒക്കെ കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത് അറിഞ്ഞത്, ഇത് ശരിക്കും ഒഴിവാക്കേണ്ടതാണ് - അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ പിന്തുണയുണ്ടെന്ന് സ്ഥാനാര്‍ത്ഥി പറയുമ്പോള്‍ സ്ഥലം എംപി എന്ന നിലയില്‍ ഇത് എന്നെയും അറിയിക്കണമായിരുന്നു. സ്ഥാനാര്‍ത്ഥി സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍ന്നു മാത്രമേ ഇനി പ്രചരണ രംഗത്ത് ഇറങ്ങുകയുള്ളൂ എന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുരളീധരന്‍ പറഞ്ഞു.