കണ്ണൂര്‍- ഒരു മിനിറ്റില്‍ തുടര്‍ച്ചയായി 171 തവണ പന്തു തട്ടി ലോക റെക്കോര്‍ഡ് കൈപിടിയിലൊതുക്കി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി. കണ്ണൂര്‍ ചെറുകുന്ന് പഴങ്ങോട് സ്വദേശിനിയായ അഖിലയാണ് ഈ മിടുക്കി.
നിലം തൊടീക്കാതെ തുടര്‍ച്ചയായി കാലുകള്‍ കൊണ്ട് പന്തുതട്ടിയാണ് നേട്ടം കരസ്ഥമാക്കിയത്. ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ജിഗ്ലിംഗ് നടത്തിയതിന്റെ യൂനിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ (യു.ആര്‍.എഫ്) ലോക റെക്കോര്‍ഡാണ് അഖിലയ്ക്ക് സ്വന്തമായത്. ഒരു മിനിറ്റില്‍ 171 തവണയാണ് ഈ കൊച്ചു താരം തുടര്‍ച്ചയായി പന്തു തട്ടിയത്. ബ്രസീലിന്റെ ജിഗ്ലിംഗ് താരം ജോഷ്വ ഡ്യൂറേറ്റിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് അഖില തകര്‍ത്തത്. തുടര്‍ച്ചയായി അഞ്ഞൂറോളം തവണ ജിഗ്ലിംങ് നടത്തിയിട്ടുണ്ട് അഖില. ലോക്ക്ഡൗണ്‍ കാലത്ത് ജിഗ്ലിങ് അറ്റ് ഹോം ഓണ്‍ലൈന്‍ മത്സരത്തിലും ഒന്നാമതെത്തിയിരുന്നു. നിലത്തു വീഴാതെ പന്ത് ഇരുകാലുകളിലുമായി അഞ്ഞൂറു തവണയാണ് അഖില തട്ടിയത്.
കാല്‍പന്തിനോടുള്ള അഖിലയുടെ താത്പര്യം ചെറുപ്പത്തില്‍ തുടങ്ങിയതാണ്. ചെറുകുന്ന് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പഠന കാലത്ത് അഖില, പെണ്‍കുട്ടികള്‍ക്കായുള്ള കിക്കോഫ് പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. കിക്കോഫ് പരിശീലകരാണ് ജിഗ്ലിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിച്ചതും പ്രോത്സാഹനം നല്‍കിയതും. അഖിലയുടെ നേട്ടം അറിഞ്ഞ കായിക മന്ത്രി ഇ.പി.ജയരാജന്‍, നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് ഈ താരത്തിന് വലിയ പ്രോത്സാഹനവും ആഹ്ലാദവുമായി.
കൊവ്വപ്പുറം പഴങ്ങോടെ മത്സ്യത്തൊഴിലാളിയായ സി. ബൈജുവിന്റെയും ലീമയുടേയും മകളാണ് അഖില. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.