പത്തനാപുരം- നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രദീപ് കുമാറിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതായി നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാര്‍.
സംഭവത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ ഓഫീസില്‍നിന്നാണ് പ്രദീപ് കുമാറിനെ കാസര്‍കോട് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
കോടതിയില്‍ മൊഴി മാറ്റിക്കുന്നതിനായി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയും ബേക്കല്‍ മലാംകുന്ന് സ്വദേശിയുയമായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
വിപിന്‍ലാലിന്റെ വീട്ടിലെത്തിയ പ്രദീപ് കുമാര്‍ ബന്ധുക്കള്‍ മുഖേന വിപിന്‍ലാലിനെ സ്വാധീനിക്കാനും ശ്രമിച്ചിരുന്നു. വഴങ്ങാത്തതിനെ തുടര്‍ന്നാണ് ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയത്.
വിപിന്‍ലാല്‍ ബേക്കല്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.