ദോഹ- എയര്‍പോര്‍ട്ടില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് യാത്രക്കാരികളെ പരിശോധിച്ച വിവാദ സംഭവത്തില്‍ പുതിയ വിശദീകരണവുമായി ഖത്തര്‍. എയര്‍പോര്‍ട്ട് ടോയ്‌ലെറ്റില്‍ കുഞ്ഞിനെ ഉപേക്ഷിച്ച മാതാവിനെ തിരിച്ചറിഞ്ഞതായി ഖത്തര്‍ അറിയിച്ചു.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാരായ സ്ത്രീകളെ പരിശോധിച്ച നടപടി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രസവിച്ച സ്ത്രീയെ കണ്ടെത്താന്‍ നടത്തിയ പരിശോധന ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായി അപലപിക്കുകയും ചെയ്തു.
എയര്‍പോര്‍ട്ട് ബാത്ത് റൂമില്‍ കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദോഹയില്‍നിന്ന് പുറപ്പെടാനിരുന്ന പത്ത് വിമാനങ്ങളിലെ യാത്രക്കാരെയാണ് പരിശോധിച്ചത്.
കൂട്ട പരിശോധനയില്‍ തങ്ങളുടെ ഒരു രാജ്യക്കാരിയും ഉള്‍പ്പെട്ടുവെന്നും ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും ഒക്ടോബര്‍ 29-ന് ന്യൂസിലാന്‍ഡ് വ്യക്തമാക്കിയിരുന്നു.
എയര്‍പോര്‍ട്ട് ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെ ടോയ്‌ലെറ്ററിലെ മാലിന്യക്കുട്ടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് യാത്രക്കാരി വിമാനം കയറിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവമെങ്കിലും പരിശോധനക്കിരയായ ഓസ്‌ട്രേലിയന്‍ യാത്രക്കാര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ അവസാനമാണ് പുറംലോകമറിഞ്ഞത്.
13 യാത്രക്കാരികള്‍ പരിശോധനക്കിരയായെന്ന് ഓസ്‌ട്രേലിയയും രണ്ട് ബ്രീട്ടീഷ് വനിതകള്‍ ഇരയായെന്ന് യു.കെയും വെളിപ്പെടുത്തിയിരുന്നു. ഒരു ഫഞ്ച് വനിതയേയും പരിശോധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.