കോഴിക്കോട്ട് -മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രസിഡന്റ കെ.എം.ബഷീറാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. ചെറിയ വിമാനത്തിന് നേരിട്ട അപകടത്തിന്റെ മറവില്‍ വലിയ വിമാനം മുടങ്ങിയ കരിപ്പൂര്‍ വിമാനത്താവളം വീണ്ടും പഴയ പ്രതാപത്തിലേക്ക്. അദ്ദേഹത്തിന്റെ വാക്കുകള്‍-കരിപ്പൂരിലേക്ക് പറക്കാന്‍ വലിയ വിമാനത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി. വടകര എം.പി. കെ.മുരളീധരന്റെ ഇടപെടലിന്റെ വന്‍ നേട്ടമാണിത്. ഇതിനായി അദ്ദേഹം ശാസ്ത്രീയമായി കാര്യങ്ങള്‍ നീക്കി. മണ്‍സൂണും വേനല്‍ക്കാലവും ഓപ്റ്റിക്കല്‍ ഇല്യൂഷന്‍ പ്രതിഭാസവുമൊക്കെ കെ.മുരളീധരന് നന്നായറിയാം. മാത്രവുമല്ല ഇന്ത്യന്‍ പാര്‍ലമെന്റിന്റെ വ്യോമയാന വകുപ്പിന് വേണ്ടിയുള്ള സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗമാണ് കെ.മുരളീധരന്‍. ഒക്ടോബര്‍ 18 നാണ് ഞാനും, പുനത്തില്‍ ഇസ്മായില്‍, ജോയ് ജോസഫ്, സി.എന്‍. അബൂബക്കര്‍, അബ്ദുല്‍ കരീം, മുതലായ ടീം എം.ഡി.എഫ്. കെ. മുരളീധരന്‍ എം.പിയെ കണ്ട് ദീര്‍ഘനേരം ചര്‍ച്ച നടത്തിയത്. ചില രേഖകള്‍ കൈമാറുകയും ചെയ്തു. അന്ന് രാത്രി തന്നെ അദ്ദേഹം ദല്‍ഹിയിലേക്ക് പോയി. ഒക്ടോബര്‍ 21 ന് ദല്‍ഹിയില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന വ്യോമയാന വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്റിങ്ങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം കരിപ്പൂരിലെ വലിയ വിമാനത്തിന്റെ വിലക്കിനെതിരായി ശക്തമായി വാദിച്ചു. ഹജ്ജും ഉംറ വിഷയവും ചര്‍ച്ചക്ക് വിധേയമാക്കി. കോഡ് (സി) വിമാനം തകര്‍ന്നത് കൊണ്ട് വലിയ വിമാനം നിര്‍ത്തിയത് ഏത് മാനദണ്ഡം ഉപയോഗിച്ചാണ് എന്ന് ചോദിച്ചു. വിമാനാപകടത്തിന്റെ റിപ്പോര്‍ട്ട് കിട്ടാത്തതാണ് കാരണമായി വ്യോമയാന മന്ത്രി ചൂണ്ടിക്കാട്ടിയത്. അവിടെയും കെ.മുരളീധരന്‍ ശക്തമായ ചോദ്യം ഉന്നയിച്ചു. മംഗലാപുരത്ത് അപകടം നടന്നപ്പോള്‍ പ്രാഥമിക റിപ്പോര്‍ട്ട് വേഗത്തില്‍ വന്നപ്പോള്‍ കരിപ്പൂരിന്റെ കാര്യത്തില്‍ എന്താണ് താമസം. അതിന് ശേഷം വിമാന അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന ബ്യൂറോ അന്വേഷണത്തിന്റെ വേഗം കൂട്ടി. അവരുടെ റിപ്പോര്‍ട്ട് കിട്ടാന്‍ താമസം നേരിടുകയാണ്, അതിന് കാത്തിരിക്കുന്നില്ല എന്ന നിലപാട് ഡിജിസിഎ സ്വീകരിച്ചു. ചെന്നൈയില്‍ നിന്നുള്ള ഡി.ജി. സി.എയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഈ മാസം 25ന് കരിപ്പൂരിലെത്തിച്ച് കാര്യങ്ങള്‍ തീര്‍ക്കുന്നു. കരിപ്പൂരിനെ കുറിച്ച് നന്നായറിയുന്ന പ്രഗത്ഭനായ ഉദ്യോഗസ്ഥനാണ് വരുന്നത്. കേരളത്തില്‍ നിന്നും മൂന്ന് എം.പിമാരാണ് സിവില്‍ ഏവിയേഷന്‍ പാര്‍ലമെന്ററി സ്റ്റാന്റിങ്ങ് കമ്മിറ്റിയില്‍ പ്രതിനിധികളായുള്ളത്. കെ.സി. വേണു ഗോപാല്‍, ആന്റോ ആന്റണി, കെ.മുരളീധരന്‍ എന്നിവര്‍. ഇവരില്‍ ദല്‍ഹിയില്‍ നടന്ന സ്റ്റാന്റിങ്ങ് കമ്മിറ്റി മീറ്റിങ്ങില്‍ കെ.മുരളീധരന്‍ മാത്രമാണ് പങ്കെടുത്തത്. കോഴിക്കോട്ട് നിന്നും ആ യോഗത്തിന് പങ്കെടുക്കുവാന്‍ വേണ്ടി മാത്രം അദ്ദേഹം ദല്‍ഹിക്ക് ചെന്നു.
ചെറിയ വിമാനം, അതും പൈലറ്റിന്റെ കൈ പിഴവില്‍ തകര്‍ന്നതിന് കരിപ്പൂരിലേക്കുള്ള വലിയ വിമാനങ്ങളെ താല്‍ക്കാലികമെന്നു പറഞ്ഞു നിര്‍ത്തിവെച്ചതും പിന്നെ മണ്‍സൂണിന്റെ പേര് പറഞ്ഞ് കരിപ്പൂരില്‍ വലിയ വിമാന സര്‍വ്വീസ് അട്ടിമറിക്കുവാന്‍ ശ്രമിച്ചതും വലിയ കുറ്റമാണ്. ചെറിയ വിമാനം തകര്‍ന്നപ്പോള്‍ വലിയ വിമാനം നിര്‍ത്തിയത് സ്വകാര്യ വിമാനത്താവള ലോബിയെ രക്ഷിക്കാന്‍ വേണ്ടി മാത്രം. ശാസ്ത്രീയമായ ഒരു ടച്ചുമില്ലാത്ത തീരുമാനമാണത്. 2002 മുതല്‍ 747 ബോയിംഗ് വിമാനങ്ങള്‍ സുഖകരമായി സര്‍വ്വീസ് നടത്തിവരുന്ന കരിപ്പൂരിന്റെ ലോക നിലവാരത്തിലെ സാങ്കേതിക മികവ് അറിയാത്തവരല്ല ഡി.ജി.സി.എയിലുള്ളവര്‍.
കരിപ്പൂരില്‍ വൈഡ് ബോഡി വിമാനം ഡിസംബര്‍ ആദ്യവാരത്തില്‍ തന്നെ സര്‍വീസ് നടത്താനുള്ള സാഹചര്യം പുനഃസ്ഥാപിക്കുകയാണ്.