റിയാദ്- സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി ചര്‍ച്ച നടത്തി.
സൗദിയുടെ സ്വപ്‌ന നഗരമായ നിയോമില്‍ നടത്തിയ ചര്‍ച്ചയില്‍ മിഡില്‍ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങള്‍ ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ മേഖലകളും ചര്‍ച്ചയില്‍ വിഷയമായി.
ഭീകരത ചെറുക്കുന്നതിനായി അമേരിക്കയും സൗദിയും നടത്തുന്ന ശ്രമങ്ങളും ഉഭയകക്ഷി വ്യാപാര ബന്ധം വികസിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ച നടത്തുമെന്ന് സൗദിയില്‍ എത്തിയ ഉടന്‍ മൈക് പോംപിയോ പ്രസ്താവിച്ചിരുന്നു.
മേഖലയില്‍ ഇറാന്‍ നടത്തുന്ന നീക്കങ്ങളടക്കം ചര്‍ച്ച ചെയ്യുമെന്ന് യു.എസ് വിദേശമന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു.