റിയാദ് - ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആവേശത്തിലലിഞ്ഞ നാടിനൊപ്പം പ്രവാസ ലോകവും സജീവമായി. പ്രവാസികളടക്കമുള്ള നിരവധി പേർ ഇത്തവണ സ്ഥാനാർഥികളായി രംഗത്തെത്തിയതോടെ പ്രവാസികളും കർമരംഗത്ത് സജീവമായിട്ടുണ്ട്.
അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതോടെ വോട്ട് രേഖപ്പെടുത്താൻ നാട്ടിൽ പോകാമെന്നുള്ള ചിന്തയിൽ തന്നെയാണ് പലരും.
റിയാദിൽ ഇതിനകം സ്ഥാനാർഥികളുടെ സോഷ്യൽ മീഡിയാ പ്രചാരണത്തിന് വിവിധ സംഘടനകൾ തുടക്കം കുറിച്ചു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ് ആദ്യമായി ഒരു പൊതു പരിപാടിയിലൂടെ തെരഞ്ഞെടുപ്പ് ആരവത്തിന് തുടക്കം കുറിച്ചത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ലളിതമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. 'ആരവം' എന്ന പേരിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷനായിരുന്നു. അബ്ദുസ്സലാം തൃക്കരിപ്പൂർ, കബീർ വൈലത്തൂർ, മഹ്മൂദ് കയ്യാർ, ഏ.യു സിദ്ദീഖ്, സിറാജ് മേടപ്പിൽ, റഫീഖ് ഹസ്സൻ വെട്ടത്തൂർ, ഷാജി കരിമുട്ടം, റഹ്മത്ത് അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു. പുതുതായി കെ.എം.സി.സിയിലേക്ക് കടന്ന് വന്ന സുഫ്‌യാൻ ചൂരപ്പുലാൻ, അബ്ദുസ്സലാം കൊടുങ്ങല്ലൂർ എന്നിവർക്ക് നാഷനൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് മെംബർഷിപ്പ് നൽകി. ആക്ടിംഗ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി മുജീബ് ഉപ്പട നന്ദിയും പറഞ്ഞു. ജലീൽ ആലുവ ഖിറാഅത്ത് നടത്തി.