Sorry, you need to enable JavaScript to visit this website.

കണ്ണൂർ വിമാനത്താവളം തുറക്കുമ്പോഴേക്കും റോഡുകളുടെ നിലവാരം ഉയരണം -കടന്നപ്പളളി

കണ്ണൂർ - ഏച്ചൂർ - മൗവഞ്ചേരി റോഡ് മെക്കാഡം ടാറിംഗ് നടത്തി ദേശീയ പാത നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.  അടുത്ത വർഷം വിമാനത്താവളം പ്രവർത്തന ക്ഷമമാവുമ്പോഴേക്കും ജില്ലയിലെ റോഡുകൾ വികസിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു വേണ്ടിയുള്ള സത്വര നടപടികൾ ആംരഭിച്ചു കഴിഞ്ഞു. റോഡ് വികസനത്തിന് ആവശ്യമായ ഭൂമിയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിൽ നാട്ടുകാരുടെ സഹകരണം അനിവാര്യമാണ്. ജനങ്ങൾക്ക് ബുദ്ധിമുട്ടുകളുണ്ടാവുന്നത് പരമാവധി ഒഴിവാക്കിയാണ് സർക്കാർ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നത്. ഒഴിച്ചുകൂടാനാവാത്ത സന്ദർഭങ്ങളിൽ പൊതുനന്മക്കായി അൽപം പ്രയാസങ്ങൾ സഹിക്കാൻ ജനങ്ങൾ മനസ്സു കാണിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2.04 കിലോമീറ്റർ നീളത്തിലുള്ള റോഡ് വീതികൂട്ടി ഉയർത്തിയും ആവശ്യമായ സ്ഥലങ്ങളിൽ കൾവർട്ടുകൾ നിർമിച്ചും മെക്കാഡം ടാർ ചെയ്യുന്നതിന് 1.9 കോടി രൂപയാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് വകയിരുത്തിയിരിക്കുന്നത്. 
ഏച്ചൂർ ടൗണിൽ നടന്ന ചടങ്ങിൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. മേയർ ഇ.പി ലത മുഖ്യ പ്രഭാഷണം നടത്തി. 
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമീള, കൗൺസിലർ കെ.പി സജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ മഹിജ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, പാർട്ടി നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജിഷാകുമാരി കെ റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ മിനി സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.വി.ശശി നന്ദിയും പറഞ്ഞു. 
 

Latest News