കൊച്ചി - തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. ഡീസലിന് 30 പൈസയും പെട്രോളിന് എട്ടു പൈസയുമാണ് ഞായറാഴ്ച കൂടിയത്. ശനിയാഴ്ച ഡീസലിന് 22 പൈസയും പെട്രോളിന് 17 പൈസയും വർധിച്ചിരുന്നു. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 81.60 രൂപ ആയും ഡീസൽ വില 74.95 രൂപയായും ഉയർന്നു. സെപ്റ്റംബർ 22 മുതൽ പെട്രോൾ വിലയിലും ഒക്ടോബർ രണ്ടു മുതൽ ഡീസൽ വിലയിലും മാറ്റമുണ്ടായിരുന്നില്ല. നവംബർ 19 വരെ ഡീസലിന് 74.28 രൂപയും പെട്രോളിന് 81.16 രൂപയുമായിരുന്നു വില. മൂന്നു ദിവസത്തിനിടെ പെട്രോളിന് 44 പൈസയും ഡീസലിന് 67 പൈസയുമാണ് വർധിച്ചത്. ആഗോള വിപണിയിൽ എണ്ണ വില ഉയർന്നതാണ് വില കൂടാൻ കാരണമെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ തണുപ്പ് തുടങ്ങിയതിനാൽ ഇന്ധന ആവശ്യം കൂടുമെന്ന സൂചനയും എണ്ണ വില വർധിപ്പിച്ചു. ഡോളറിന്റെ വില ഉയർന്നതും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി ചെലവേറിയതായി. ഇതും വില ഉയരാൻ കാരണമായി. ആഗോള ഓഹരി വിപണികൾ ഉണർന്നത് എണ്ണ വില വർധിക്കാൻ മറ്റൊരു കാരണമാണ്. എണ്ണ വില വരുംദിവസങ്ങളിലും ഉയരുമെന്ന സൂചനയാണ് ഓയിൽ മാർക്കറ്റിങ് കമ്പനികൾ നൽകുന്നത്.