പത്തനംതിട്ട- നേതാക്കൾ കൂട്ടത്തോടെ അങ്കത്തിനിറങ്ങിയതോടെ നിയന്ത്രിക്കാൻ ആളില്ലാതെ പാർട്ടികളും അണികളും. മിക്കവരും അങ്കത്തട്ടിൽ ആയതോടെ പാർട്ടികളെ
നിയന്ത്രിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും നേതൃസ്ഥാനത്ത് ആളില്ല. അതിനാൽ പാർട്ടികൾ ബുദ്ധിമുട്ടുന്നു. തങ്ങൾക്ക് മത്സരിക്കാനായുള്ള ഇടം നേടിയെടുത്ത നേതാക്കൾ കളത്തിലേക്ക് ഇറങ്ങിയതോടെ പല പാർട്ടി ഓഫീസുകളിലും വാളെടുക്കുന്നവർ എല്ലാം വെളിച്ചപ്പാടാകുകയാണ്. സ്ഥാനാർഥി നിർണയം, ചിഹ്നം, വാർഡ് തുടങ്ങിയ നിരവധി അടിസ്ഥാന പ്രശ്‌നങ്ങൾക്ക് തന്നെ ഇനിയും പരിഹാരം കാണാതെ കിടക്കുകയാണ്.
മുന്നണിയിലെ ഘടക കക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനം ഇനിയും പലയിടത്തും പൂർത്തിയാകാനുണ്ട്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയ പരിധിക്കുള്ളിൽ ഏതെല്ലാം പറഞ്ഞു തീർക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ നേതാക്കളെ കൃത്യമായി ചർച്ചകൾക്ക് കിട്ടുന്നില്ല എന്നാണ് ഇപ്പോൾ ആക്ഷേപം. നിയമസഭാ സീറ്റ് പ്രതീക്ഷിച്ച പലരെയും ജില്ലാ പഞ്ചായത്തിലേക്ക് മാറ്റിയതോടെ ഈ നേതാക്കളും തങ്ങളുടെ ഡിവിഷനുകളിൽ പ്രവർത്തനത്തിൽ വ്യാപൃതരായി. പലയിടത്തും മത്സരിക്കാൻ എത്തിയപ്പോഴാണ് ആ ഭാഗത്തെ പാർട്ടിയുടെ സംഘടനാ ശേഷി നേതാക്കൾക്ക് ബോധ്യമായത്. കളത്തിൽ ഇറങ്ങിയതോടെ ഇനി കുളിച്ചു കയറണമെങ്കിൽ നല്ല അധ്വാനം തന്നെ വേണ്ടി വരും. ഇതോടെ ജില്ലാ ആസ്ഥാനത്തു തെരഞ്ഞെടുപ്പ് വരെയുള്ള നാളുകളിൽ എത്തുക പ്രയാസമാകും. എത്തിയില്ലെങ്കിൽ തങ്ങളുടെ കസേരയിൽ മറ്റാരെങ്കിലും ഇരിക്കുമോ എന്ന ഭയവും പലരെയും അലട്ടുന്നുണ്ട്. ഇടത്-വലത്, എൻ.ഡി.എ മുന്നണികളിൽ എല്ലാം ഈ ബുദ്ധിമുട്ട് നിഴലിക്കുന്നുണ്ട്.
കോൺഗ്രസിൽ ഡി.സി.സി പ്രസിഡണ്ട് കഴിഞ്ഞാൽ ആസ്ഥാനത്തെ മിക്കവരും സ്ഥാനാർഥികളാണ്. ഇവരെല്ലാം തങ്ങളുടെ പ്രദേശം കേന്ദ്രീകരിച്ചതോടെ അണികളുടെ പരാതികൾക്ക് പരിഹാരം നിർദേശിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ഡി.സി.സി ആസ്ഥാനമായ രാജീവ് ഭവനിൽ എത്തി കാത്തു നിൽക്കുകയേ മാർഗമുള്ളൂ. കെ.പി.സി.സി സെക്രട്ടറി അനീഷ് വർക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ കെ.കെ.റോയിസൺ, എ.ഷംസുദ്ദീൻ, എ.സുരേഷ് കുമാർ, അനിൽ തോമസ്, ജാസീംകുട്ടി, സാമുവേൽ കിഴക്കുപുറം, റോബിൻ പീറ്റർ എന്നിവരെല്ലാം മത്സര രംഗത്താണ്.
സി.പി.എമ്മിൽ രണ്ട് മുതിർന്ന സെക്രട്ടറിയേറ്റ് അംഗങ്ങങ്ങളാണ് മുഖ്യമായും മത്സരിക്കുന്നത്. ഓമല്ലൂർ ശങ്കരനും, ഹർഷ കുമാറും. ഇവർക്ക് പുറമെ നിരവധി ഏരിയ സെക്രട്ടറിമാരും ലോക്കൽ സെക്രട്ടറിമാരും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്ക് ജനവിധി തേടുന്നുണ്ട്. പാർട്ടി ഭാരവാഹികൾ മൽസരിക്കുന്നതിന് പല പാർട്ടികളും നിബന്ധനകൾ വെച്ചിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. മൂന്ന് മുന്നണികളിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ഇടതു മുന്നണി തന്നെയാണ് ഏറെ മുന്നിൽ.