റിയാദ്- കാലാവസ്ഥ വ്യതിയാനങ്ങളുടെ പ്രത്യാഘാതം കുറക്കാന്‍ സര്‍ക്കുലര്‍ കാര്‍ബണ്‍ എക്കണോമി (സി.സി.ഇ) അവലംബിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയാറാകണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു. നിര്‍ദോഷമായി ഊര്‍ജ ഉല്‍പാദനം സാധ്യമാക്കുന്നതിനും എനര്‍ജി മാര്‍ക്കറ്റിനെ കൂടുതല്‍ സ്ഥായിയും സുരക്ഷിതമാക്കുന്നതിനും ഈ സംവിധാനം സഹായിക്കും. സൗദി അറേബ്യ ആതിഥ്യമരുളിയ വിര്‍ച്വല്‍ രീതിയില്‍ സംഘടിപ്പിച്ച ദ്വിദിന ജി 20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിക്ക് സുരക്ഷയൊരുക്കുക എന്ന പ്രമേയത്തില്‍ നടന്ന ജി 20 ഉച്ചകോടിയുടെ സമാപന സെഷനില്‍ സൗദി അറേബ്യ സി.സി.ഇ നാഷണല്‍ പ്രോഗ്രാം നടപ്പിലാക്കുമെന്നും രാജാവ് വ്യക്തമാക്കി. പുനരുപയോഗ കാര്‍ബണ്‍ സാമ്പത്തിക പദ്ധതിയിലൂടെ ലോകമെമ്പാടുമുള്ള വ്യവസായ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന ഉച്ചകോടിയിലേക്ക് നിങ്ങളെ അഭിമാനപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്ന് ജി 20 രാഷ്ട്രത്തലവന്മാരെ അഭിസംബോധന ചെയ്താണ് സല്‍മാന്‍ രാജാവ് പ്രഭാഷണം തുടങ്ങിയത്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍നിന്ന് നാം കരകയറി വരികയാണ്. സൗദി അറേബ്യ ഒരു സര്‍ക്കുലര്‍ കാര്‍ബണ്‍ എക്കണോമി ദേശീയ പദ്ധതി പ്രഖ്യാപിക്കുകയാണെന്ന് സല്‍മാന്‍ രാജാവ് ജി 20 ഉച്ചകോടിയെ അറിയിച്ചു.